മെൽബൺ: ഓസ്‌ട്രേലിയയിൽ തോക്കുമായി വിമാനത്തിൽ കയറിയ 17 വയസ്സുകാരൻ യാത്രക്കാരെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. മെൽബണിൽ നിന്ന് 60 കിലോമീറ്റർ അകലെ അവ്ലോൺ എയർപോർട്ടിലാണ് സംഭവം.
യാത്രക്കാരും വിമാനത്തിലെ ജീവനക്കാരനും ചേർന്നാണ് കൗമാരക്കാരനിൽ നിന്നും തോക്ക് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാ വേലി തകർത്ത് എയർപോർട്ട് ടാർമാക്കിൽ കയറിയ കൗമാരക്കാരൻ, മുൻവശത്തെ പടികൾ കയറി വിമാനത്തിലേക്ക് കയറുകയായിരുന്നു.
ആയുധം കൈവശം വെച്ചതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും ഉൾപ്പടെ എട്ട് കുറ്റങ്ങൾ ചുമത്തിയാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്.
കൗമാരക്കാൻ വിമാനജീവനക്കാരുമായി തർക്കത്തിലാവുകയും തുടർന്ന് വിമാനജീവനക്കാരിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ അപകടം മണത്ത ക്ലാർക്ക് പിന്നിലൂടെ പതുങ്ങിയെത്തി തോക്ക് പിടിച്ചു വാങ്ങുകയായിരുന്നു.
സമീപത്ത് കണ്ടെത്തിയ ഇയാളുടേതെന്ന് കരുതുന്ന കാറും രണ്ട് ബാഗുകളും പരിശോധിക്കാൻ ബോംബ് സ്പെഷ്യലിസ്റ്റിനെ കൊണ്ടുവരേണ്ടി വന്നതായി വിക്ടോറിയ പോലീസ് പറഞ്ഞു.
യാത്രക്കാരുടെ ധൈര്യമാണ് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാക്കുന്നത് തടഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുമെന്ന് എയർപോർട്ട് അധികൃതരും പൊലീസും അറിയിച്ചു.