Advertisment

നികുതി വെട്ടിപ്പ് അടക്കം 9 കേസുകള്‍; കുറ്റസമ്മതം നടത്തി ബൈഡന്‍റെ മകൻ

ഹണ്ടറിന്‍റെ അപേക്ഷ കോടതി മുറിയില്‍വച്ച് കേട്ടപ്പോള്‍ എല്ലാവരേയും പോലെ താനും ഞെട്ടിപ്പോയെന്ന് പ്രോസിക്യൂട്ടർ ലിയോ വൈസ് പറഞ്ഞു.

New Update
hunder baiden Untitledsum

വാഷിങ്ടൺ: തനിക്കെതിരെയുള്ള ഒമ്പത് സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റസമ്മതം നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ.

Advertisment

ഹണ്ടറിന്‍റെ അപേക്ഷ ലോസ് ഏഞ്ചൽസിലെ ജില്ല ജഡ്‌ജി മാർക്ക് സ്‌കാർസി സ്വീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ഡിസംബർ 16- ന് കേസില്‍ ശിക്ഷ വിധിക്കും. നവംബറിലാണ് അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക.

നികുതി വെട്ടിപ്പ്, കുറ്റകരമായ നികുതി റിട്ടേണുകൾ, നികുതി അടയ്ക്കുന്നതിലെ വീഴ്‌ച തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങളാണ് ഹണ്ടര്‍ ബൈഡനെതിരെയുള്ളത്. കേസില്‍ വിചാരണ ആരംഭിക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഹണ്ടറിന്‍റെ അപേക്ഷ എത്തിയത്.

കുറ്റസമ്മതം ഹണ്ടർ ബൈഡന്‍റെ ഏകപക്ഷീയമായ നീക്കമായിരുന്നു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോസിക്യൂട്ടർമാരുമായി മുൻകൂട്ടി നിശ്ചയിച്ചായിരുന്നില്ല ഹണ്ടറിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. പ്രോസിക്യൂട്ടർമാരുമായി കൂടിയാലോചിക്കാതെ ഉന്നതനായ പ്രതി കുറ്റം സമ്മതിക്കുന്നത് അപൂർവമാണെന്നും സിഎന്‍എന്‍ പറയുന്നു.

ഹണ്ടറിന്‍റെ അപേക്ഷ കോടതി മുറിയില്‍വച്ച് കേട്ടപ്പോള്‍ എല്ലാവരേയും പോലെ താനും ഞെട്ടിപ്പോയെന്ന് പ്രോസിക്യൂട്ടർ ലിയോ വൈസ് പറഞ്ഞു.

കുറ്റസമ്മതം നടത്താൻ യാതൊരു പ്രേരണയും ഉണ്ടായിട്ടില്ലെന്നും ഹണ്ടര്‍ കോടതിയില്‍ വ്യക്തമാക്കി. 1.4 മില്യൺ യുഎസ് ഡോളര്‍ ഫെഡറൽ നികുതി അടയ്ക്കുന്നതിൽ ഹണ്ടര്‍ ബൈഡന്‍ പരാജയപ്പെട്ടു എന്നാണ് കേസ്.

Advertisment