വാഷിംഗ്ടണ്‍: ജോണ്‍ എഫ് കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, റോബര്‍ട്ട് കെന്നഡി എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ആദ്യ ടേമില്‍ ഈ രേഖകള്‍ പുറത്തുവിടുമെന്ന് ട്രംപ് ആദ്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മിക്ക വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന ഇന്റലിജന്‍സ് സമൂഹത്തിന്റെ അഭ്യര്‍ഥനകള്‍ക്ക് ഒടുവില്‍ അദ്ദേഹം വഴങ്ങുകയായിരുന്നു. എന്നാല്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം ഇക്കാര്യം വീണ്ടും വ്യക്തമാക്കുകയായിരുന്നു.
'എല്ലാം വെളിപ്പെടുത്തും,' വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഓവല്‍ ഓഫീസില്‍ വ്യാഴാഴ്ച ട്രംപ് ഒപ്പിട്ട ഉത്തരവ് പ്രകാരം പ്രതിരോധം, രഹസ്യാന്വേഷണം, നിയമപാലകര്‍ അല്ലെങ്കില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഉണ്ടാകാവുന്ന ഏതൊരു പ്രയാസങ്ങളും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ മറികടക്കുമെന്ന് ഉറപ്പിക്കുന്നു. രേഖകള്‍ പൂര്‍ണ്ണമായി എങ്ങനെ പുറത്തുവിടാം എന്നതിനെക്കുറിച്ച് 15 ദിവസത്തിനുള്ളില്‍ ട്രംപിന് പദ്ധതി സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കി.
അവരുടെ കുടുംബങ്ങളും അമേരിക്കന്‍ ജനതയും സുതാര്യതയും സത്യവും അര്‍ഹിക്കുന്നു, ഉത്തരവില്‍ പറയുന്നു. ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കാലതാമസമില്ലാതെ പുറത്തുവിടേണ്ടത് ദേശീയ താത്പര്യമാണെന്നും ട്രംപ് പറഞ്ഞു.