/sathyam/media/media_files/2025/10/12/kabul-2025-10-12-10-32-41.jpg)
കാബൂള്‍: തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ അഫ്ഗാന്‍ പ്രദേശത്ത് പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് താലിബാന്‍ സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ പതിനഞ്ച് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ബഹ്റാംപൂര്‍ ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപം അഫ്ഗാന്‍ സൈന്യം ഇന്നലെ രാത്രി നടത്തിയ തിരിച്ചടിയില്‍ 15 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഹെല്‍മണ്ട് പ്രവിശ്യാ സര്‍ക്കാരിന്റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഓപ്പറേഷനില്‍ അഫ്ഗാന്‍ സൈന്യം മൂന്ന് പാകിസ്ഥാന്‍ സൈനിക ഔട്ട്പോസ്റ്റുകള്‍ പിടിച്ചെടുക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കാബൂള്‍, പക്തിക പ്രവിശ്യകളില്‍ പാകിസ്ഥാന്‍ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി, ഹെല്‍മണ്ട്, കാണ്ഡഹാര്‍, സാബുള്‍, പക്തിക, പക്തിയ, ഖോസ്റ്റ്, നന്‍ഗര്‍ഹാര്‍, കുനാര്‍ എന്നീ പ്രവിശ്യകളിലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി അഫ്ഗാന്‍ സൈന്യം ആക്രമണം ആരംഭിച്ചു. ഈ പ്രവിശ്യകളെല്ലാം പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.