വാഷിംഗ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പലതരം ചര്‍ച്ചകളും സംശയങ്ങളും ഉയര്‍ന്നെങ്കിലും, വൈറ്റ് ഹൗസ് അതിന് വ്യക്തത നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദം ഇന്ത്യ തള്ളിയതോടെ, ട്രംപ് ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡന്റ് ട്രംപിന് നല്ല ബന്ധമുണ്ടെന്ന് വൈറ്റ് ഹൗസ് മീഡിയ സെക്രട്ടറി കരോലിന്‍ ലാവിറ്റ് വ്യക്തമാക്കി.
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പങ്കിനെ അവര്‍ പ്രശംസിച്ചു. 'ഏഷ്യാ-പസഫിക് മേഖലയിലെ ഇന്ത്യ ഞങ്ങളുടെ പ്രധാന പങ്കാളിയാണ്. പ്രധാനമന്ത്രി മോദിയുമായി ട്രംപിന് മികച്ച സൗഹൃദം നിലനില്‍ക്കുന്നു. ഇത് ഭാവിയിലും തുടരും,' കരോലിന്‍ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ക്വാഡ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ സമയത്താണ് ഈ പ്രസ്താവന വന്നത്. ഐക്യരാഷ്ട്രസഭയില്‍ 'ദി ഹ്യൂമണ്‍ കോസ്റ്റ് ഓഫ് ടെററിസം' എന്ന പ്രദര്‍ശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ നാലു രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ക്വാഡ്. 2004-ലെ സുനാമിക്ക് ശേഷം രൂപം കൊണ്ട ഈ കൂട്ടായ്മ, ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. ക്വാഡ് ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. ജൂണ്‍ 18-ന് ജി-7 സമ്മേളനത്തിനിടെ ഇരുവരും ഫോണ്‍ സംഭാഷണം നടത്തി, ഇത് 35 മിനിറ്റ് നീണ്ടുനിന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്ന് കരോലിന്‍ ലാവിറ്റ് വ്യക്തമാക്കി.
'ഞാന്‍ വാണിജ്യ സെക്രട്ടറിയുമായി സംസാരിച്ചു. പ്രസിഡന്റ് ട്രംപുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാര്‍ അന്തിമഘട്ടത്തിലാണ്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്നെ ഈ കരാറിന്റെ പ്രഖ്യാപനം ഉണ്ടാകും,' വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.