/sathyam/media/media_files/2025/10/05/photos504-2025-10-05-21-48-00.jpg)
കാഠ്മണ്ഠു: കിഴക്കൻ നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 51 പേർ മരിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴ വ്യാപകനാശമാണ് വിതച്ചിരിക്കുന്നത്.
തുടർച്ചയായി ശക്തമായ മഴ പെയ്ത ഇലാം ജില്ലയിലെ കോളി പ്രവിശ്യയിൽ മാത്രം 37 മരണം റിപ്പോർട്ട് ചെയ്തു. ഉദയപൂരിൽ രണ്ടും പഞ്ച്തറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടിമിന്നലേറ്റ് റൗതാഹതിൽ മൂന്ന് പേരും ഖോതാങ് ജില്ലയിൽ രണ്ട് പേരും മരിച്ചു.
പഞ്ച്തറിൽ റോഡ് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. ലാംഗ്താങ് മേഖലയിലെ ട്രക്കിങിന് പോയ 16 പേരിൽ നാലുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
നേപ്പാൾ സൈന്യം, ആംഡ് പൊലീസ് ഫോഴ്സ്, ദേശീയ ദുരന്ത അപകടസാധ്യത കുറയ്ക്കൽ നിയന്ത്രണ അതോറിറ്റി (എൻഡിആർആർഎംഎ) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഹെലികോപ്ടറിൽ ​ഗർഭിണിയെ ഉൾപ്പെടെ നാല് പേരെ ഇലാം ജില്ലയിൽനിന്ന് രക്ഷിച്ച് ധരൺ മുൻസിപ്പാലിറ്റിയിലേക്ക് മാറ്റി.
കോശി, മധേഷ്, ബാഗ്മതി, ഗണ്ഡകി, ലുംബിനി എന്നീ മേഖലകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നേപ്പാളിന് എല്ലാ സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.