/sathyam/media/media_files/2025/09/09/photos234-2025-09-09-14-29-24.jpg)
കാഠ്മണ്ഡു: സാമൂഹ്യമാധ്യമ വിലക്ക് പിന്‍വലിച്ചിട്ടും സര്‍ക്കാരിനെതിരായ പ്രക്ഷോഭം നേപ്പാളില്‍ വ്യാപിക്കുന്നു. അഴിമതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെക്കും വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം പ്രക്ഷോഭകര്‍ തീവെച്ചു. നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു.
മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമല്‍ ദഹല്‍), ഷേര്‍ ബഹാദൂര്‍ ദൂബെ, ഊര്‍ജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകര്‍ ആക്രമിച്ച് നശിപ്പിച്ചു.
പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പ്രക്ഷോഭകര്‍ക്ക് വെടിയേറ്റു. പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകര്‍ തീയിട്ടു.
രാജ്യത്തെ മറ്റു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്കും ആക്രമണം ഉണ്ടായിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ സൈന്യത്തിന് നേര്‍ക്ക് കല്ലേറിഞ്ഞു.
പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്.