/sathyam/media/media_files/2025/09/09/photos241-2025-09-09-19-30-14.jpg)
കാഠ്മണ്ഡു : നേപ്പാളിൽ കലാപം കത്തുന്നു. 'ജെൻ സി' പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു.
മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കർ ആണ് മരിച്ചത്. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്.
രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി.
പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി.
പ്രതിഷേധം കത്തിപ്പടർന്നതോടെ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായെങ്കിലും പ്രക്ഷോഭം തെരുവിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്.