ഖമേനിയുടെ പിൻഗാമിയും ഞങ്ങളുടെ ലക്ഷ്യം, പിൻഗാമി ഇസ്രായേലിന്റെ 'ഹിറ്റ് ലിസ്റ്റിൽ'; വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി

ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ (ഇന്ത്യന്‍ സമയം) ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മോസ്‌കില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും.

New Update
Untitled

ജറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം ഇന്ന് അര്‍ദ്ധരാത്രിയോടെ പൊതുദര്‍ശനത്തിന് വെക്കാനിരിക്കെ, കടുത്ത മുന്നറിയിപ്പുമായി ഇസ്രായേല്‍.

Advertisment

ഖമേനിയുടെ പിന്‍ഗാമിയായി അധികാരമേല്‍ക്കുന്ന പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രഖ്യാപിച്ചു. യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയാകെ വലിയ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുകയാണ്.


ഇറാനിലെ നിലവിലെ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ സൈനിക നീക്കം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. 'ഇസ്രായേലിനെ നശിപ്പിക്കാനും ലോകത്തിന് ഭീഷണി ഉയര്‍ത്താനും ഇറാന്‍ ആരെ പുതിയ നേതാവായി നിയമിച്ചാലും അവര്‍ കൊല്ലപ്പെടേണ്ടവരുടെ പട്ടികയിലുണ്ടാകും. അവര്‍ എവിടെ ഒളിച്ചാലും അത് ബാധകമാണ്,' എന്ന് ഇസ്രായേല്‍ കാറ്റ്സ് എക്‌സില്‍ കുറിച്ചു.

ഇറാന്റെ സൈനിക ശേഷി തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്നുള്ള ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28-ന് നടന്ന മിസൈല്‍ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. അദ്ദേഹത്തിനായുള്ള ഔദ്യോഗിക ചടങ്ങുകള്‍ ഇന്നു തുടങ്ങും.


ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ (ഇന്ത്യന്‍ സമയം) ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മോസ്‌കില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക വിലാപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ ഇറാനിലെ മഷ്ഹദിലാകും ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുക.


യുദ്ധം തുടരുന്നത് ലോക സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ വര്‍ദ്ധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 82 ഡോളര്‍ കടന്നു. അഞ്ച് ദിവസത്തിനിടെ 13% വര്‍ദ്ധനവാണ് ഉണ്ടായത്.

Advertisment