/sathyam/media/media_files/2025/10/09/photos564-2025-10-09-12-24-34.jpg)
കെയ്‌റോ: മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി ഗാസയിലെ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിലേക്ക് എത്തുമ്പോള്‍ ബന്ദികളെ കൈമാറ്റവും സാധ്യമാകുന്നു.
യുഎസ്എ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടന്ന ചര്‍ച്ചകളാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍. '
കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേലും ഹമാസും തടവുകാരെ കൈമാറും. ഗാസയില്‍ ഹമാസിന്റെ പക്കല്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ സാധ്യമായി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറണം എന്നാണ് ചര്‍ച്ചയില്‍ ഉണ്ടായിരിക്കുന്ന തീരുമാനം.
ഗാസയിലെ സൈനിക നീക്കം അവസാനിപ്പിക്കുക, ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍ തുടങ്ങിയ വ്യവസ്ഥകളും കരാറില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജറുസലേം സമയം ഉച്ചയ്ക്ക് 2:00 മണിയോടെ (ഇന്ത്യന്‍ സമയം വൈകീട്ട് നാല്) തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.
യുഎസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപാണ് ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയിലെത്തിയതായി അറിയിച്ചത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. 'എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും' എന്നും 'ഇസ്രായേല്‍ അവരുടെ സൈനികരെ പിന്‍വലിക്കും' എന്നും ട്രംപ് അറിയിച്ചു.
'വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ 'വ്യവസ്ഥകളും ഇവയുടെ നടപ്പാക്കല്‍ രീതി എന്നിവയില്‍ ധാരണയിലെത്തിയതായി പ്രധാന മധ്യസ്ഥനായ ഖത്തറും പ്രതികരിച്ചു.
'ഇസ്രായേലിന് മഹത്തായ ദിനം' എന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാറിനെ വിശേഷിപ്പിച്ചത്.
കരാറിന് അംഗീകാരം നല്‍കുന്നതിനായി വ്യാഴാഴ് സര്‍ക്കാരിന്റെ അടിയന്തിര യോഗവും നെതന്യാഹു വിളിച്ച് ചേര്‍ത്തിട്ടുണ്ട്.