ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ഖാലിദ സിയ അന്തരിച്ചു. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ശാശ്വത മുദ്ര പതിപ്പിച്ച നേതാവ്‌

സിയയുടെ മകനും പാര്‍ട്ടിയുടെ ആക്ടിംഗ് ചെയര്‍പേഴ്സണുമായ താരിഖ് റഹ്‌മാന്‍ ശനിയാഴ്ച ആശുപത്രി സന്ദര്‍ശിച്ച് രണ്ട് മണിക്കൂറിലധികം താമസിച്ചുവെന്ന് ബിഎന്‍പി നേതാക്കള്‍ പറഞ്ഞു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ചൊവ്വാഴ്ച അന്തരിച്ചു. 80 വയസ്സുള്ള ബിഎന്‍പി മേധാവി ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

'ബിഎന്‍പി ചെയര്‍പേഴ്സണും മുന്‍ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയ ഇന്ന് രാവിലെ 6:00 മണിക്ക്, ഫജ്ര്‍ പ്രാര്‍ത്ഥനയ്ക്ക് തൊട്ടുപിന്നാലെ അന്തരിച്ചു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, എല്ലാവരും അവരുടെ പരേതയായ ആത്മാവിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' ബിഎന്‍പി എക്‌സ് ഹാന്‍ഡില്‍ കുറിച്ചു.


സിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ശനിയാഴ്ച അവരുടെ പേഴ്‌സണല്‍ ഡോക്ടര്‍ പറഞ്ഞിരുന്നു.

സിയയുടെ മകനും പാര്‍ട്ടിയുടെ ആക്ടിംഗ് ചെയര്‍പേഴ്സണുമായ താരിഖ് റഹ്‌മാന്‍ ശനിയാഴ്ച ആശുപത്രി സന്ദര്‍ശിച്ച് രണ്ട് മണിക്കൂറിലധികം താമസിച്ചുവെന്ന് ബിഎന്‍പി നേതാക്കള്‍ പറഞ്ഞു.

ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ഖാലിദ സിയ. കൊല്ലപ്പെട്ട പ്രസിഡന്റ് സിയാ-ഉര്‍ റഹ്‌മാന്റെ വിധവയായ അവര്‍ 1991 മുതല്‍ 1996 വരെയും വീണ്ടും 2001 മുതല്‍ 2006 വരെയും രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1945 ഓഗസ്റ്റ് 15 ന് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ ജനിച്ച അവര്‍ ബംഗ്ലാദേശിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സര്‍ക്കാര്‍ തലവനായി, പതിറ്റാണ്ടുകളോളം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ (ബിഎന്‍പി) നയിച്ചു.


ഖാലിദ സിയയ്ക്ക് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. മൂത്തമകന്‍ താരിഖ് റഹ്‌മാന്‍ നിലവില്‍ ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്‍പേഴ്സണാണ്, 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം അടുത്തിടെയാണ് അദ്ദേഹം ബംഗ്ലാദേശിലേക്ക് മടങ്ങിയത്. ഇളയമകന്‍ അറഫാത്ത് റഹ്‌മാന്‍ 2015 ല്‍ ഹൃദയാഘാതം മൂലം മരിച്ചു.


തന്റെ കരിയറിന്റെ ഭൂരിഭാഗവും ഖാലിദ സിയ അവാമി ലീഗിലെ ഷെയ്ഖ് ഹസീനയുമായി കടുത്ത രാഷ്ട്രീയ മത്സരത്തിലായിരുന്നു. 2018 ല്‍, സിയ ഓര്‍ഫനേജ് ട്രസ്റ്റുമായും സിയ ചാരിറ്റബിള്‍ ട്രസ്റ്റുമായും ബന്ധപ്പെട്ട അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് സിയയ്ക്ക് 17 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ട് അവരും ബിഎന്‍പിയും നിരന്തരം വിധികള്‍ നിരസിച്ചിരുന്നു.

Advertisment