ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനിലുടനീളം പടർന്ന പ്രതിഷേധങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.

New Update
Untitled

കറാച്ചി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാനിലുടനീളം പടര്‍ന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 22 പേര്‍ കൊല്ലപ്പെട്ടു.

Advertisment

കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വടക്കന്‍ മേഖലകളിലെ ഐക്യരാഷ്ട്രസഭാ ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലുമാണ് ഇത്രയും പേര്‍ മരിച്ചത്. 120-ലധികം പേര്‍ക്ക് പരിക്കേറ്റു.


അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്. കറാച്ചിയില്‍ മാത്രം പത്തോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന്റെ ജനാലകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും സമീപത്തെ പോലീസ് പോസ്റ്റിന് തീയിടുകയും ചെയ്തു. പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പ്രതിഷേധക്കാര്‍ യുഎന്‍ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഇവിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.


ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്കും ലാഹോര്‍, പെഷവാര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലേക്കും പ്രതിഷേധ മാര്‍ര്‍ച്ചുകള്‍ നടന്നു. പലയിടങ്ങളിലും പോലീസും ജനക്കൂട്ടവും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി.


ഖമേനിയുടെ മരണത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അനുശോചനം രേഖപ്പെടുത്തി. 'ഈ ദുഃഖസാന്ദ്രമായ നിമിഷത്തില്‍ പാകിസ്ഥാന്‍ ഇറാനൊപ്പം നില്‍ക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമം കൈയ്യിലെടുക്കരുതെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാനിലെ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും യുഎസ് എംബസി നിര്‍ദ്ദേശിച്ചു. എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Advertisment