/sathyam/media/media_files/2026/03/01/untitled-2026-03-01-12-54-32.jpg)
ടെഹ്റാന്‍: മുപ്പത്തിയാറ് വര്‍ഷത്തോളം ഇറാന്റെ പരമോന്നത അധികാര കേന്ദ്രമായിരുന്ന ആയത്തുള്ള അലി ഖമേനി (86) ചരിത്രത്തിന്റെ ഭാഗമാകുന്നു.
ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ വസതിയില്‍ യുഎസും ഇസ്രായേലും നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആധുനിക ഇറാന്റെ ഗതി നിര്‍ണ്ണയിച്ച, പടിഞ്ഞാറന്‍ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം.
1939 ഏപ്രില്‍ 19-ന് മഷാദിലെ ഒരു മതപണ്ഡിത കുടുംബത്തിലാണ് ഖമേനി ജനിച്ചത്. 1960-കളില്‍ ആയത്തുള്ള ഖുമൈനിയുടെ കീഴില്‍ പഠനം ആരംഭിച്ച അദ്ദേഹം, പഹ്ലവി രാജഭരണത്തിനെതിരായ പോരാട്ടത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പലതവണ ജയില്‍വാസം അനുഭവിച്ച അദ്ദേഹം, 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പ്രധാന നേതൃനിരയിലേക്ക് ഉയര്‍ന്നു.
1981-ല്‍ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം നടന്ന ബോംബ് സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഒരു കൈ തളര്‍ന്നിരുന്നു.
1989-ല്‍ ഖുമൈനിയുടെ മരണശേഷമാണ് ഖമേനി 'സുപ്രീം ലീഡര്‍' പദവി ഏറ്റെടുത്തത്. വെറുമൊരു മതപണ്ഡിതന്‍ എന്നതിലുപരി രാജ്യത്തെ സൈനിക-സാമ്പത്തിക ശക്തിയായി മാറ്റിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.
ഇറാന്റെ കരുത്തായ റവല്യൂഷണറി ഗാര്‍ഡിനെ ഒരു വന്‍ സാമ്പത്തിക-സൈനിക ശക്തിയായി വളര്‍ത്തിയെടുത്തത് ഖമേനിയുടെ തന്ത്രങ്ങളായിരുന്നു.
മേഖലയില്‍ ഇറാന്റെ സ്വാധീനം ഉറപ്പിക്കാന്‍ ഖമേനി ആവിഷ്‌കരിച്ച നയമാണ് 'ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്'. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍, ഗാസയിലെ ഹമാസ് എന്നിവരെ പിന്തുണച്ചുകൊണ്ട് ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ശക്തമായ പ്രതിരോധം അദ്ദേഹം തീര്‍ത്തു. ഇറാന്റെ മിസൈല്‍ സാങ്കേതികവിദ്യയും ആണവ പദ്ധതിയുടേയും പിന്നിലെ പ്രധാന ചാലകശക്തിയും അദ്ദേഹമായിരുന്നു.
അമേരിക്കന്‍ ഉപരോധങ്ങള്‍ മൂലം ഇറാന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നപ്പോഴും പടിഞ്ഞാറന്‍ ശക്തികള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 1997-ലെ പരിഷ്‌കരണവാദികളുടെ മുന്നേറ്റവും 2009-ലെ വന്‍ ജനകീയ പ്രതിഷേധങ്ങളും അദ്ദേഹം അതിജീവിച്ചത് റവല്യൂഷണറി ഗാര്‍ഡിന്റെ കരുത്തിലായിരുന്നു.
ഇറാനും ഇസ്രായേലും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയ 2024-25 കാലഘട്ടം ഖമേനിയുടെ ഭരണത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നു. ആണവ പദ്ധതിയേയും സൈനിക നേതൃത്വത്തേയും ലക്ഷ്യമിട്ട് നടന്ന നിരന്തര ആക്രമണങ്ങള്‍ക്കൊടുവില്‍, ശനിയാഴ്ചത്തെ സംയുക്ത ആക്രമണം ആ ഭരണകൂടത്തിന്റെ നെടുംതൂണിനെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇറാന്റെ ചരിത്രത്തിലെ ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us