കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് മുന്നിൽ വൻ സംഘർഷം: ആറ് മരണം; ഖമേനിയുടെ വധത്തിൽ പാകിസ്താനിൽ പ്രതിഷേധം ഇരമ്പുന്നു

സംഘര്‍ഷബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗതാഗതം സുഗമമാക്കാന്‍ ബദല്‍ പാതകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

New Update
Untitled

കറാച്ചി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ കറാച്ചിയിലുള്ള യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പ്രദേശം യുദ്ധക്കളമായി മാറി.

Advertisment

ഞായറാഴ്ച രാവിലെ ഷിയാ സംഘടനകളുടെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ്ജും നടത്തിയതോടെ പ്രതിഷേധക്കാര്‍ കല്ലേറ് ആരംഭിച്ചു. പിന്നാലെ നടന്ന വെടിവെപ്പിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടതെന്ന് ഈദി ഇന്‍ഫര്‍മേഷന്‍ സ്ഥിരീകരിച്ചു.


മൈ കൊളാച്ചി റോഡിലും എംടി ഖാന്‍ റോഡിലുമാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റവരെ കറാച്ചിയിലെ സിവില്‍ ഹോസ്പിറ്റല്‍ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു.

കറാച്ചിയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സിന്ധ് ആഭ്യന്തര മന്ത്രി സിയാഉല്‍ ഹസന്‍ ലംഗാര്‍ നിര്‍ദ്ദേശം നല്‍കി. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


സംഘര്‍ഷബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗതാഗതം സുഗമമാക്കാന്‍ ബദല്‍ പാതകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ശനിയാഴ്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്താനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

Advertisment