/sathyam/media/media_files/2026/02/16/untitled-2026-02-16-10-07-14.jpg)
പ്യോങ്യാങ്: ലോകത്തെ ഏറ്റവും നിഗൂഢമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തരകൊറിയയില്‍ അടുത്ത ഭരണാധികാരിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുന്നു.
നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകള്‍ കിം ജൂ ഏയെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കിമ്മിന്റെ സഹോദരി കിം യോ ജോങ്ങും മകള്‍ ജൂ ഏയും തമ്മിലുള്ള വലിയൊരു അധികാരത്തര്‍ക്കത്തിന് കാരണമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉത്തരകൊറിയയിലെ പ്രധാന സൈനിക പരേഡുകളിലും മിസൈല്‍ പരീക്ഷണ വേദികളിലും കിം ജോങ് ഉന്നിനൊപ്പം മകള്‍ ജൂ ഏ സജീവമാണ്.
ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എസ് നല്‍കുന്ന സൂചനകള്‍ പ്രകാരം, മകളെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യ ഘട്ടങ്ങള്‍ കിം ആരംഭിച്ചു കഴിഞ്ഞു. വെറും ചടങ്ങുകളില്‍ പങ്കെടുക്കുക മാത്രമല്ല, രാജ്യത്തെ പ്രധാന നയരൂപീകരണങ്ങളില്‍ ജൂ ഏ അഭിപ്രായം രേഖപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ അധികാരക്കൈമാറ്റം അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കിം ജോങ് ഉന്നിന്റെ സഹോദരിയും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ശക്തമായ വ്യക്തിത്വവുമായ കിം യോ ജോങ്ങ് (38) ഭരണാധികാരിയാകാന്‍ ആഗ്രഹിക്കുന്നുണ്ട്.
സൈന്യത്തിലും ഉദ്യോഗസ്ഥരിലും വലിയ സ്വാധീനമുള്ള യോ ജോങ്ങ്, അവസരം ലഭിച്ചാല്‍ അധികാരം പിടിച്ചെടുക്കാന്‍ മടിക്കില്ലെന്ന് മുന്‍ ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞന്‍ രാ ജോങ് യില്‍ വ്യക്തമാക്കുന്നു.
ഉത്തരകൊറിയയിലെ അധികാര കൈമാറ്റങ്ങള്‍ പലപ്പോഴും രക്തരൂക്ഷിതമാണ്. 2011-ല്‍ അധികാരം ഏറ്റെടുത്ത ശേഷം കിം ജോങ് ഉന്‍ തന്റെ അമ്മാവനായ ജാങ് സോങ് തേക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
കൂടാതെ, തന്റെ അര്‍ദ്ധസഹോദരനായ കിം ജോങ് നാമിനെ 2017-ല്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് വിഷവാതകം ഉപയോഗിച്ച് കൊലപ്പെടുത്തിയതായും ആരോപണമുണ്ട്. ഈ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ഫെബ്രുവരി അവസാനം ഉത്തരകൊറിയയില്‍ നടക്കാനിരിക്കുന്ന അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള രാഷ്ട്രീയ സമ്മേളനം നിര്‍ണ്ണായകമാണ്. ഈ സമ്മേളനത്തില്‍ ജൂ ഏയ്ക്ക് ഔദ്യോഗിക പദവികള്‍ നല്‍കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കിം സാമ്രാജ്യത്തിന്റെ ഭാവി. നിലവില്‍ കിമ്മിന് മൂന്ന് മക്കളുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും ജൂ ഏ മാത്രമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us