ആമ്പല്ലൂർ പഞ്ചായത്തിലെ  ഇരട്ടമാവിൽ പെയ്യുന്ന ഒരോ തുള്ളി മഴയ്ക്കും എഴാം ക്ലാസുകാരൻ എസ് ദേവദത്തിന് കണക്കുണ്ട്...

New Update
devadath

കൊച്ചി: വീടിൻ്റെ ടെറസ്സിൽ സ്ഥാപിച്ച മഴമാപിനിയിൽ നോക്കി ഓരോ ദിവസവും ചെയ്തിറങ്ങുന്ന മഴയുടെ കൃത്യമായ കണക്കെടുത്ത് കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ പഠിക്കുകയും, തൻ്റെ അറിവ് ആമ്പല്ലൂർ നിവാസികൾക്ക് പകർന്നു നൽകുകയുമാണ് ദേവദത്ത്. 

Advertisment

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി  'നെറ്റ് സീറോ കാർബൺ' കാമ്പയിനിൽ ഉൾപ്പെടുത്തിയാണ്  ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് 12 മഴമാപിനികൾ സ്ഥാപിച്ചത്. 

കാലാവസ്ഥ വ്യതിയാനം മൂലം  ഉണ്ടാകുന്ന വിപത്തുകളെ പ്രതിരോധിക്കാൻ ജനങ്ങളെ കാലാവസ്ഥ സാക്ഷരരാക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. 

മഴയുടെ അളവ് നിരീക്ഷിക്കുന്നതിനായി വയനാട് ഹ്യും സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ സഹകരണത്തോടെ 22.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്തിനെ 12  ഗ്രിഡുകൾ ആക്കി തിരിച്ച് ഓരോ ഗ്രിഡിലും ഒരു വീട് വീതം തിരഞ്ഞെടുത്ത് അവരുടെ ടെറസ്സിൽ മഴമാപിനികൾ സ്ഥാപിച്ചു.

ഓരോ ഗ്രിഡിലേയും വീടുകൾ തിരഞ്ഞെടുത്തത് അതത് പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനാണ്. 
എല്ലാ ദിവസവും മഴ അളന്ന് റിപ്പോർട്ട് തയ്യാറാക്കേണ്ടത് തിരഞ്ഞെടുത്ത വീട്ടുകാർ കൂടാതെ പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനുകളുടെയും  ചുമതലയാണ്.

'മഴ ഒരുക്കം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്  ദിവസവും രാവിലെ 8:30 മുമ്പ് 24 മണിക്കൂർ പെയ്ത മഴയുടെ അളവ് രേഖപ്പെടുത്തി ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യും. ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്യുന്ന മഴയുടെ അളവ് ഹ്യും സെന്റർ ചാർട്ട് ആയി ഗ്രൂപ്പിലേക്ക് അയക്കുമായിരുന്നു. എന്നാൽ പിന്നീട്  ഗ്രാമവാസികൾക്ക് പരിശീലനം നൽകി. ഇപ്പോൾ അവരാണ് എല്ലാ ദിവസവും മഴയുടെ അളവ് ചാർട്ട് തയ്യാറാക്കുന്നത്. 

വീടുകളിൽ സ്ഥാപിച്ച മഴമാപിനിയുടെ സഹായത്തോടെ മഴയുടെ അളവ് കൃത്യതയോടെ രേഖപ്പെടുത്തുന്നവരിൽ ദേവദത്തിനെ കൂടാതെ 70 ന് അടുത്ത് പ്രായമുള്ളവരും വിദ്യാർത്ഥികളും  വീട്ടമ്മമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

"സംസ്ഥാന സർക്കാരിന്റെയും ഹരിത കേരള മിഷന്റെയും നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന ആശയത്തിൽ  ഊന്നിയുള്ള ഈ പദ്ധതിയിലൂടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ നേരിട്ട് പങ്കാളികളാകുന്നു. 

കാലാവസ്ഥയെയും മഴയെയും സംബന്ധിച്ച ധാരാളം അറിവുകൾ സ്വന്തം അനുഭവങ്ങളിലൂടെ സാധാരണക്കാർ തന്നെ വിശദീകരിക്കുന്നു. കാലാവസ്ഥ സാക്ഷരത ഇന്നിൻ്റെ ആവശ്യകതയാണ്. 

ഇത്തരം ജനകീയ മുന്നേറ്റങ്ങളുടെ ആത്യന്തിക ലക്ഷ്യവും അതാണ് - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) റിസോഴ്സ് പേഴ്സണും എഡ്രാക് (എറണാകുളം ഡിസ്ട്രിക്ട് റസിഡൻ്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ) ആമ്പല്ലൂർ മേഖല പ്രസിഡൻ്റുമായ കെ. എ മുകന്ദൻ പറഞ്ഞു. 

ആമ്പല്ലൂരിൽ ആരംഭിച്ച കാലാവസ്ഥാ സാക്ഷരത യജ്ഞം എറണാകുളം ജില്ലയിൽ മുഴുവനായി നടപ്പിലാക്കുവാൻ ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും തയ്യാറെടുക്കുകയാണ്. ഇതിൻ്റെ ആദ്യപടിയായി ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിട്ടുണ്ട്. 

"കാലാവസ്ഥയെ സൂക്ഷ്മമായി പഠിക്കാനും ആഘാതങ്ങളെ അതിജീവിക്കാനും ബന്ധപ്പെട്ട മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനും ശേഷിയുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.  

ജനകീയ പങ്കാളിത്തത്തോടുകൂടി മഴമാപിനികൾ സ്ഥാപിക്കുന്നതിലൂടെ ജനങ്ങൾ അവരുടെ പ്രദേശത്തെ മഴയുടെ ഏറ്റക്കുറച്ചിലുകൾ പഠിക്കുകയും ഇതുവഴി പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങൾക്ക്‌ അനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാനും നയ രൂപീകരണത്തിനും പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കുകയും ചെയ്യും - നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ എസ്. രഞ്ജിനി പറഞ്ഞു.

Advertisment