/sathyam/media/media_files/2026/02/21/untitled-2026-02-21-14-29-50.jpg)
സീയൂള്‍: ദക്ഷിണ കൊറിയയില്‍ ഭരണഘടനാ വിരുദ്ധമായി പട്ടാള നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച മുന്‍ പ്രസിഡന്റ് യൂണ്‍ സുക് ഇയോളിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രൊസീക്യൂഷന്‍ വധശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി ജീവപര്യന്തം ശിക്ഷ നല്‍കുകയായിരുന്നു.
ഭരണഘടന അട്ടിമറിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി കിം യോംങ് ഹ്യൂനുമായി ചേര്‍ന്ന് യൂണ്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ സൈന്യത്തെ വിന്യസിച്ചത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ യൂണിനൊപ്പം കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ പ്രതിരോധ മന്ത്രി കിമ്മിന് 30 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.
2024 ഡിസംബര്‍ മൂന്നിനാണ് യൂണ്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ലമെന്റ് ഇത് അസാധുവാക്കി. തുടര്‍ന്ന് യൂണ്‍ ഇംപീച്ച് ചെയ്യപ്പെടുകയും അറസ്റ്റിലാവുകയുമായിരുന്നു.
65-കാരനായ യൂണ്‍ സീയൂളിലെ തടവറയില്‍ തന്നെ തുടരും. കലാപക്കേസിലാണ് ഇപ്പോള്‍ ശിക്ഷാവിധി വന്നിരിക്കുന്നത്. മറ്റ് കുറ്റങ്ങളിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us