ഇസ്ലാമാബാദ്: മുന്‍ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുല്ഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐയെ സഹായിച്ച മതപണ്ഡിതന് വെടിയേറ്റ് മരിച്ചു. മുഫ്തി ഷാ മിര്‍ ആണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുര്‍ബത്തിലെ മോസ്കിൽ വെള്ളിയാഴ്ച രാത്രി പ്രാർഥനയ്ക്കുശേഷം പുറത്തിറങ്ങിയ മുഫ്തിക്കുനേരെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബലൂചിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ മുഫ്തി ഷാ മിറിനുനേരേ കഴിഞ്ഞവർഷം രണ്ടുതവണ വധശ്രമം നടന്നിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം അധികം പുറത്തിറങ്ങാറില്ലായിരുന്നു.
ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) അംഗമായിരുന്ന മുഫ്തി മതപഠനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന.
പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാൾ, പാക്കിസ്ഥാനിലെ ഭീകരവാദികളുടെ ക്യാന്പുകൾ സന്ദര്‍ശിക്കുകയും ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.