ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമാണ് കരാറില്‍ ഒപ്പുവച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിലാണ് ഈ കരാർ ഒപ്പിട്ടത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെക്കേഴ്‌സിലെ ഔദ്യോഗിക വസതിയില്‍ നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, യു കെ ചാന്‍സലര്‍ റീവ്‌സ് എന്നിവരും സംബന്ധിച്ചു.
എഫ്‌ടിഎയെ ഒരു "നാഴികക്കല്ലായ കരാർ" എന്ന് സ്റ്റാർമർ ഒരു ട്വീറ്റിൽ വിശേഷിപ്പിച്ചു, ഈ കരാർ യുകെയിൽ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 99 ശതമാനം താരിഫ് ഇളവ് ലഭിക്കും. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും തുണിത്തരങ്ങള്‍, തുകല്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യന്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യയില്‍നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകും.
ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. ബ്രിട്ടീഷ് വിസ്‌കി, ഓട്ടോമൊബൈലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ തീരുവ കുറയും.
സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. യുകെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും.