/sathyam/media/media_files/2025/10/18/fire-2025-10-18-19-37-51.jpg)
ബെയ്ജിങ്: യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് ബാറ്ററി തീപിടിച്ചതിനെത്തുടർന്ന് എയർ ചൈന വിമാനം ഷാങ്ഹായിലേക്ക് തിരിച്ചുവിട്ടു.
ഹാങ്ചൗവിൽ നിന്ന് സോളിലേക്ക് പുറപ്പെട്ട CA139 വിമാനമാണ് വഴിതിരിച്ചുവിട്ടത്. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് ബാറ്ററിയിൽ നിന്നാണ് തീപടർന്നത്.
തലയ്ക്ക് മുകളിലുള്ള ലഗേജ് വെക്കുന്ന അറയിൽ (overhead bin) സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിക്ക് സ്വയമായി തീപിടിക്കുകയായിരുന്നുവെന്ന് എയർ ചൈന ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ (Weibo) പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു.
ക്യാബിൻ ക്രൂ അംഗങ്ങൾ സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച് അതിവേഗം ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. തീ പടരുന്നത് തടയാൻ കഴിഞ്ഞെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം പിന്നീട് സുരക്ഷിതമായി ഷാങ്ഹായിയിൽ ഇറക്കി.
വിമാനങ്ങളിൽ ലിഥിയം ബാറ്ററികൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സുരക്ഷാ ഭീഷണിയാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.