ധാക്ക: ബംഗ്ലാദേശില്‍ അറസ്റ്റിലായ ഹിന്ദു സന്യാസിയെ മോചിപ്പിക്കാനുള്ള പ്രതിഷേധത്തിനിടെ അരുംകൊല. ഹിന്ദു നേതാവിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം.
ഹിന്ദു സന്യാസിയെ ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി ജയിലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തിനിടെ അഭിഭാഷകനെ കൊലപ്പെടുത്തുകയായിരുന്നു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും ചാട്ടോഗ്രാം ഡിസ്ട്രിക്റ്റ് ബാര്‍ അസോസിയേഷന്‍ അംഗവുമായ 35 കാരനായ സെയ്ഫുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടതെന്ന് ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യദ്രോഹ കുറ്റം ആരോപിച്ച് ചാറ്റോഗ്രാമിലെ ആറാം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഹിന്ദു സന്യാസിക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി പത്രം പറയുന്നു.
പ്രതിഷേധക്കാര്‍ ഒരു അഭിഭാഷകനെ തന്റെ ചേമ്പറിന് താഴെ നിന്ന് വലിച്ചിഴച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ചിറ്റഗോംഗ് ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നസിം ഉദ്ദീന്‍ ചൗധരി പറഞ്ഞു.
സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലിയാഖത്ത് അലി ഒരു മരണം സ്ഥിരീകരിച്ചെങ്കിലും കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പറഞ്ഞു.