ബൈറൂത്ത്: കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ബോംബ് വർഷിച്ചത്. കൂടാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഇസ്രായേൽ സൈന്യം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.
വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണി വരെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കർശനമായി നിരോധിച്ചാണ് ഇസ്രായേൽ സൈനിക മേധാവിയുടെ അറബിക് വക്താവ് അവിചയ് അദ്രേയി അറിയിപ്പ് നൽകിയത്.
ലബനാന്‍റെ തെക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സാധാരണക്കാർക്ക് നേരെയാണ് ഇസ്രായേൽ വെടിയുതിർത്തതെന്ന് ഹിസ്ബുല്ല എംപി ഹസൻ ഫദ്‌ലല്ല പറഞ്ഞു.
14 മാസം നീണ്ട അതിക്രമങ്ങൾക്ക് താൽക്കാലിക അറുതിയായിട്ടാണ് പ്രാദേശിക സമയം ബുധനാഴ്ച പുലർച്ച നാലോടെ ലബനാനിൽ ഹിസ്ബുല്ലയുമായി ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഇസ്രായേൽ, ഫ്രാൻസ്, യുഎസ് എന്നിവ സംയുക്തമായാണ് ലബനാൻ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. 60 ദിവസത്തേക്കാണ് വെടിനിർത്തൽ കരാർ. ഇതോടെ, തെക്കൻ ലബനാനിൽ കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചിരുന്നു.