ഹൃദയം പിടയുന്ന വേദനയിൽ രഞ്ജിതയുടെ യുകെയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും. മരണം സ്ഥിരീകരിക്കുന്നതുവരെ അവൾക്കായി അവർ പ്രാർത്ഥനകളിൽ മുഴുകി. എന്നാൽ പ്രാർത്ഥനയെല്ലാം വിഫലമാക്കി അവൾ പോയി ഇനിയൊരു മടക്കയാത്രയില്ലാത്ത യാത്രക്കായി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നവൾ. രഞ്ജിതയുടെ മരണം കവർന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളെ

രഞ്ജിതയുടെ മരണ വാർത്ത അവൾ ജോലിചെയ്യുന്ന യുകെയിലെ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ സുഹൃത്തുക്കളെ തള്ളിവിട്ടത് ദുഃഖത്തിന്റെ കയത്തിലേക്കാണ്.

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
images(210)

ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ​ഗോപകുമാരൻ നായരുടെ വിയോ​ഗം യുകെ മലയാളികളെ അപ്പാടെ തീരാദുഃഖത്തിലേക്കാണ് തള്ളിവിട്ടത്.

Advertisment

ഇനിയാരും ആ വിമാനത്തില്‍ ജീവനോടെ അവശേഷിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരവും മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 


എന്നാല്‍ രഞ്ജിതയുടെ മരണ വാർത്ത അവൾ ജോലിചെയ്യുന്ന യുകെയിലെ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ സുഹൃത്തുക്കളെ തള്ളിവിട്ടത് ദുഃഖത്തിന്റെ കയത്തിലേക്കാണ്.


രാവിലെ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തകര്‍ന്ന മനസോടെ ആശുപത്രി വാര്‍ഡില്‍ തളര്‍ന്നിരപ്പോള്‍ പകരം ജീവനക്കാരെ പല വാര്‍ഡുകളില്‍ നിന്നും എത്തിച്ചു രഞ്ജിതയുടെ സുഹൃത്തുക്കള്‍ക്ക് ആശ്വാസം പകരുകയാണ്. 

നാട്ടിലെ വീട് പണിയും സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി രാജിവയ്ക്കാതെ യുകെയിലേക്ക് വന്നതിനാല്‍ ലീവ് നീട്ടിയെടുക്കാന്‍ അത്യാവശ്യമായി ജോലി സ്ഥലത്തു റിപ്പോര്‍ട്ട് ചെയ്യേണ്ടതിനാലുമാണ് രഞ്ജിത പത്തു ദിവസത്തെ അവധിക്കു നാട്ടിലേക്ക് യാത്രയായത്.


എന്നാല്‍ ആ യാത്ര മടങ്ങിവരവില്ലാത്തത് ആയിരുന്നു എന്ന സത്യം ഉള്‍ക്കൊളളാന്‍ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല യുകെ മലയാളികള്‍ ആര്‍ക്കും തന്നെ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. 


സി സിക്‌സ് വാര്‍ഡിലെ മുഴുവന്‍ ജീവനക്കാരും തങ്ങളുടെ സഹപ്രവര്‍ത്തക ഇനി കൂടെയില്ല എന്ന ദുഃഖസത്യത്തിനു പൊരുത്തപ്പെടാനാകാതെ വിങ്ങിപ്പൊട്ടുകയാണ്.


അനേകം ബ്രിട്ടീഷുകാരും വിമാനാപകടത്തില്‍ മരിച്ചു. എന്നാൽ മലയാളി നഴ്സിന്റെ മരണം യുകെയിലെ മലയളികളെ അപ്പാടെ ബാധിച്ചിട്ടുണ്ട്. രഞ്ജിതയെ കൂടാതെ ഒരു മലയാളി കൂടി വിമാനത്തിലുണ്ടായിരുന്നെന്ന സ്ഥിരീകരിക്കാത്ത വർത്ത പുറത്തു വന്നിരുന്നു. 


മടങ്ങി വരവിനു രഞ്ജിത തിരഞ്ഞെടുത്തത് കണക്ഷന്‍ ഫ്ളൈറ്റ്

വ്യക്തിപരമായ കാര്യങ്ങള്‍ അധികം തുറന്നു പറയാത്ത പ്രകൃതം ആയിരുന്നു രഞ്ജിത എന്നാണ് സഹപ്രവര്‍ത്തകരും കൂടെ താമസിക്കുന്നവരും ഒക്കെ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. 

പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രഞ്ജിത ആ ശമ്പളം കൊണ്ട് ചിരകാല സ്വപ്നം ആയ വീടും മക്കളുടെ വിദ്യാഭ്യാസവും ഒക്കെ യാഥാര്‍ഥ്യമാക്കുക സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ഒരു വര്‍ഷം മുന്‍പ് യുകെയിലേക്ക് യാത്രയായത്. 


എന്നാല്‍ ഒറ്റയ്ക്ക് യുകെയില്‍ വരുമ്പോള്‍ മക്കളെ കൂടി കൊണ്ടുവന്നാല്‍ അവരുടെ കാര്യം നോക്കാനാകില്ല എന്ന തിരിച്ചറിവില്‍ അവരെ അമ്മയെ ഏല്‍പ്പിച്ചാണ് യുകെ മലയാളിയാകാന്‍ തീരുമാനിച്ചത്.


രഞ്ജിതയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിനാല്‍ ടീനേജ് പ്രായക്കാരായ മക്കളെ അമ്മയ്ക്ക് അധികകാലം നോക്കാനാകില്ല എന്നതിനാല്‍ എത്രയും വേഗത്തില്‍ വീട് പണി പൂര്‍ത്തിയാക്കി യുകെയില്‍ നിന്നും നാട്ടിലേക്ക് തന്നെ മടങ്ങുക എന്നതായിരുന്നു രഞ്ജിതയുടെ പ്ലാന്‍. 

അതിനാല്‍ നാട്ടിലെ ജോലി രാജി വയ്ക്കാതെയാണ് രഞ്ജിത യുകെയിലേക്ക് പറന്നത്. ഒരു വര്‍ഷമായി ഡ്യൂട്ടി ചെയ്തു മിച്ചം പിടിച്ച പണവുമായി വീട് പണി ത്വരിത ഗതിയില്‍ നടക്കവേ രണ്ടു മാസം മുന്‍പേ രഞ്ജിത നാട്ടില്‍ എത്തിയിരുന്നു.


അഹമ്മദാബാദ് വിമാനം പിടിക്കാന്‍ കഴിഞ്ഞ ദിവസം ചെന്നൈ വരെ ട്രെയിനില്‍ എത്തി അവിടെ നിന്നും വിമാനം എടുത്താണ് രഞ്ജിത ഇപ്പോള്‍ തകര്‍ന്നു വീണ വിമാനത്തില്‍ കയറാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. 


രഞ്ജിതയാത്ര പറഞ്ഞ് പോയത് തങ്ങളെ തനിച്ചാക്കി മരണത്തിലേക്കാണല്ലോ എന്നതോർത്താണ് അമ്മ കണ്ണീർ പൊഴിക്കുന്നത്. 

പാതി നിലയിലായ വീടും ചെറിയ കുട്ടികളും രഞ്ജിത അമ്മയെ ഏൽപ്പിച്ചിട്ടാണ് ഒരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നത്.

ആ കടുംബത്തിനു ആരിനി സംരക്ഷണയേകും എന്ന വലിയ ചോദ്യമാണ് പുല്ലാട്ട് നാട്ടുകാരുടെയും യുകെ മലയാളികളുടെയും മനസിലൂടെ ഇപ്പോള്‍ കടന്നു പോകുന്നത്. 

Advertisment