ഇറ്റലി: ഭര്‍ത്താവിനൊപ്പം പര്‍വ്വതം കയറുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. 47 കാരിയായ ലോറ ബാര്‍ബേരിയാണ് തന്റെ ഭര്‍ത്താവ് മൗറീഷ്യോ ഫിലിനിക്കൊപ്പം ഗുഗ്ലിയല്‍മോ പര്‍വതത്തില്‍ കയറുന്നതിനിടെ മലയിടുക്കിലേക്ക് വീണ് മരിച്ചത്.
160 അടി താഴ്ചയിലേക്ക് വീണാണ് മരണം. ഫിലിനി സഹായത്തിനായി വിളിച്ചതിനെത്തുടര്‍ന്ന് പാരാമെഡിക്കുകളും പര്‍വത രക്ഷാ ഹെലികോപ്റ്ററും ഉടന്‍ തന്നെ പര്‍വതത്തില്‍ എത്തി. ബാര്‍ബേരി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
പര്‍വ്വതാരോഹണത്തിന് എത്തിയ ദമ്പതികള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്നും ക്രാമ്പണ്‍സ് ധരിച്ചിരുന്നുവെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ യുവതി മഞ്ഞുപാതയില്‍ നിന്ന് വഴുതി പര്‍വത പാതയില്‍ നിന്ന് ഏകദേശം 1,700 മീറ്റര്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് എടുത്ത പര്‍വതത്തിന്റെ മുകളിലുള്ള ക്രിസ്തുവിന്റെ പ്രതിമയ്ക്ക് സമീപം ദമ്പതികള്‍ കൈകോര്‍ത്ത് നില്‍ക്കുന്ന ഒരു ഫോട്ടോ മൗറീഷ്യോ ഫിലിനി പുറത്തുവിട്ടു.
'ഇത് ഞങ്ങളുടെ അവസാന ഫോട്ടോയായിരുന്നു, ഞാന്‍ എപ്പോഴും നിന്നെ സ്‌നേഹിക്കും. എന്റെ ലോറ, നല്ലൊരു യാത്ര ആശംസിക്കുന്നു. ഫോട്ടോയ്ക്കൊപ്പം അദ്ദേഹം എഴുതി.
ലോറയുടെ സുഹൃത്തുക്കളും ആരാധകരും ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ദമ്പതികള്‍ താമസിച്ചിരുന്ന ബ്രെസിയയില്‍ ബുധനാഴ്ചയാണ് സംസ്‌കാരം നടന്നത്.