ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടു തീയില്‍ വീടും മെഡലുകളും നഷ്ടമായി ഒളിമ്പിക്‌സ് താരം.
മുന്‍ അമേരിക്കന്‍ ഒളിമ്പിക്‌സ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിനാണ് അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ പത്ത് മെഡലുകള്‍ നഷ്ടമായത്.
പസഫിക് പാലിസേഡ്‌സിലുള്ള തന്റെ വസതിയും 10 ഒളിമ്പിക്‌സ് മെഡലുകളും നഷ്ടമായതായി അമ്പത് വയസ്സുകാരനായ ഗാരി ഹാള്‍ അറിയിച്ചു.
വീട്ടിലെ കുറച്ച് സാധനങ്ങളും വളര്‍ത്തു നായയേയും മാത്രമാണ് അദ്ദേഹത്തിന് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ജീവന്‍ തിരികെ ലഭിച്ചത് തന്നെ വലിയ കാര്യമാണെന്നും എല്ലാം ഒന്നില്‍ നിന്നും തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
2000ത്തില്‍ സിഡ്നി ഒളിമ്പിക്‌സിലും 2004ല്‍ ഏഥന്‍സ് ഒളിമ്പിക്‌സിലുമായി 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍.
1996ലെ അറ്റ്ലാന്റ ഒളിമ്പിക്‌സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് സ്വര്‍ണത്തിനൊപ്പം മൂന്ന് വെള്ളിയും രണ്ട് വെങ്കലവും താരം നേടിയിരുന്നു. ഇവയെല്ലാം കാട്ടു തീയില്‍ നഷ്ടമായി.