വനിതാ ലോകകപ്പ് ഫൈനലിലെ ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോൾ തലവൻ ലൂയിസ് റൂബിയാലെസിന് സസ്പെൻഷൻ

ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. അതേസമയം ജെന്നിഫര്‍ ഹെര്‍മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും റൂബിയാലെസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

New Update
louis rubiyales.

വനിതാ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. ഫിഫ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Advertisment

‘ഫിഫയുടെ പെരുമാറ്റച്ചട്ടത്തിന്റെ (എഫ്ഡിസി) ആര്‍ട്ടിക്കിള്‍ 51 നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ഫിഫ അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ ജോർജ് ഇവാന്‍ പലാസിയോ (കൊളംബിയ) മിസ്റ്റര്‍ ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.’ – എന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. അതേസമയം ജെന്നിഫര്‍ ഹെര്‍മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും റൂബിയാലെസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തേ തന്റെ അനുവാദമില്ലാതെയാണ് ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് വ്യക്തമാക്കി ജെന്നിഫര്‍ ഹെര്‍മോസോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയില്‍ രാജിവെയ്ക്കില്ലെന്ന് പ്രഖ്യാപിച്ച റൂബിയാലെസ് പരസ്പര സമ്മതത്തോടെയാണ് ഹെര്‍മോസോയെ ചുംബിച്ചതെന്നും പരസ്യമായി പറഞ്ഞിരുന്നു.

 ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ അനുവാദമില്ലാതെയാണ് റൂബിയാലെസ് ചുംബിച്ചതെന്ന് താരം വ്യക്തമാക്കിയത്. സംഭവം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ നല്ല സമ്മര്‍ദമുണ്ടെന്നും ഹെര്‍മോസോ പറഞ്ഞിരുന്നു. റൂബിയാലെസിന്റെ നീക്കം ശരിക്കും ഞെട്ടിച്ചെന്നും ആരും എവിടെവച്ചും ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകരുതെന്ന് ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും ഹെര്‍മോസോ കുറിച്ചു.

വനിതാ ലോകകപ്പില്‍ സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സ്‌പെയിന്‍ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ഇത്.

fifa sports
Advertisment