/sathyam/media/media_files/2026/01/20/untitled-2026-01-20-15-29-09.jpg)
മോസ്‌കോ: ഓണ്‍ലൈന്‍ പ്രണയിനിയെ കാണാന്‍ ബോട്ടില്‍ കടല്‍ കടന്നെത്തിയ അമേരിക്കന്‍ പൗരന് റഷ്യന്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആയുധങ്ങളുമായി നിയമവിരുദ്ധമായി അതിര്‍ത്തി കടന്നുവെന്ന കുറ്റത്തിനാണ് ചാള്‍സ് വെയ്ന്‍ സിമ്മര്‍മാന്‍ എന്ന യുഎസ് പൗരനെ റഷ്യന്‍ കോടതി ശിക്ഷിച്ചത്. തിങ്കളാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
റഷ്യയിലെ കസാനിലുള്ള ഒരു യുവതിയുമായി സിമ്മര്‍മാന്‍ ഓണ്‍ലൈന്‍ വഴി പ്രണയത്തിലായിരുന്നു. പ്രിയതമയെ നേരില്‍ കാണാനായി സ്വന്തം ബോട്ടില്‍ അപകടം നിറഞ്ഞ ദീര്‍ഘദൂര സമുദ്രയാത്ര നടത്താന്‍ അദ്ദേഹം തീരുമാനിച്ചു.
2024 ജൂലൈയില്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നാണ് ഇദ്ദേഹം യാത്ര തുടങ്ങിയത്. പോര്‍ച്ചുഗല്‍, മെഡിറ്ററേനിയന്‍ കടല്‍, കരിങ്കടല്‍ എന്നിവയിലൂടെ സഞ്ചരിച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം, 2025 ജൂണില്‍ അദ്ദേഹം റഷ്യയിലെ തുറമുഖ നഗരമായ സോച്ചിയില്‍ എത്തിച്ചേര്‍ന്നു.
സോച്ചിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ സിമ്മര്‍മാന്റെ ബോട്ടില്‍ നിന്ന് ഒരു റൈഫിളും റെമിംഗ്ടണ്‍ വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
മതിയായ രേഖകളില്ലാതെ ആയുധങ്ങളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് റഷ്യയില്‍ അതീവ ഗുരുതരമായ കുറ്റമാണ്. ഇതോടെ പ്രണയയാത്ര നിയമക്കുരുക്കിലായി അദ്ദേഹം അറസ്റ്റിലാവുകയായിരുന്നു.
കോടതിയില്‍ സിമ്മര്‍മാന്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, ദീര്‍ഘയാത്രയ്ക്കിടെ സ്വയം പ്രതിരോധത്തിനായി മാത്രമാണ് താന്‍ ആയുധം കൈവശം വെച്ചതെന്നും റഷ്യന്‍ നിയമങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നുമാണ് അദ്ദേഹം വാദിച്ചത്. എങ്കിലും നിയമവിരുദ്ധമായി ആയുധം കടത്തിയതിനെ ഗൗരവകരമായി കണ്ട കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us