ഇസ്ലാമബാദ്: 2012 ൽ പാക്കിസ്ഥാൻ താലിബാൻ തീവ്രവാദികൾ വെടിവെച്ച് മരണാസന്നയാക്കിയ മലാല എന്ന പെൺകുട്ടി ആർക്കുമുന്നിലും തോൽക്കാൻ തയ്യാറായിരുന്നില്ല. മരണവും അവളെ തൊടാൻ ഭയപ്പെട്ടു.അവളിലെ പോരാട്ടവീര്യം അത്രത്തോളം തീക്ഷ്‌ണമായിരുന്നു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, സ്വാതന്ത്ര്യം ഇതൊന്നും ഉൾക്കൊള്ളാൻ താലിബാൻ നേതൃത്വത്തിന് അന്നുമിന്നും കഴിയുന്നില്ല. അവരുടെ വിലക്കുകളെ എതിർത്തുകൊണ്ടാണ് മലാല സ്‌കൂളിൽ പോയിരുന്നത്.
പാകിസ്താൻ താലിബാന്റെ ശക്തി കേന്ദ്രമായ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവർത്തകനും സ്കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്.
പഷ്‌തൂൺ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാൻ കാരണം. ഖുഷാൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരു നിര സ്കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം. വിദ്യാഭ്യാസ അവകാശ പ്രവർത്തകയായി അവളെ മാറ്റിയതും അദ്ദേഹമായിരുന്നു.
2008 സെപ്റ്റംബറിലാണ് വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയിൽ സംസാരിച്ചു തുടങ്ങിയത്. പെൺകുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാൻ പെഷവാറിലെ പ്രസ്സ് ക്ലബ്ബിൽ അവളെ കൊണ്ടുപോയത് പിതാവാണ്.
പിന്നീട് മലാല ചരിത്രത്തിന്റെതന്നെ ഭാഗമായി മാറുകയായിരുന്നു. നോബൽ സമ്മാനം വരെ അവളിലെ ധീരയെത്തേടിയെത്തി. ഇസ്ലാമിക രാജ്യങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിനായാണ് മലാല ഇപ്പോൾ പോരാടുന്നത്.
നാളെയും മറ്റന്നാളും ( ശനി,ഞായർ ) ഇസ്ലാമബാദിൽ നടക്കുന്ന ലോക മുസ്‌ലിം രാജ്യങ്ങളിലെ പ്രതിനിധി കളെ മലാല അഭിസംബോധന ചെയ്യാനും ആ രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താ നുമാണ് മലാല എത്തുന്നത്.
പാക്കിസ്ഥാൻ താലിബാൻ, അഫ്‌ഗാനിസ്ഥാൻ താലിബാൻ എന്നിവരുടെ ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് പാക്കിസ്ഥാൻ ആർമി മലാലയ്‌ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.