മലേഷ്യയിൽ നിന്ന് കോഴിക്കോട്ടെക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമാകുന്നു

New Update
air asia

കോലാലംപൂർ: മലേഷ്യയിലെ കോലാലംപൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ മലേഷ്യയുടെ ബഡ്ജറ്റ് എയർലൈനായ എയർ ഏഷ്യയാണ് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നത്.

Advertisment

സ്വദേശത്തും വിദേശത്തുനിന്നും കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകളുടെ നിരന്തരമായ രണ്ടു പതിറ്റാണ്ടു കാലത്തെ മുറവിളിക്കൊടുവിലാണ് മലേഷ്യയിൽ നിന്ന് മലബാർ മേഖലയിലേക്കും തിരിച്ചു കോലാലംപൂരിലേക്കും വിമാനസർവീസ് തുടങ്ങുന്നത്.

രാത്രി 9:55 ന് കോലാലംപൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11:25ന് കരിപ്പൂരിൽ എത്തുകയും, തിരിച്ചു രാത്രി 12:10 പുറപ്പെട്ടു കാലത്ത് 7 മണിക്ക് കോലാലാംപൂർ എയർപോർട്ടിൽ എത്തും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ വ്യാഴം, ശനി, ചൊവ്വ ദിവസങ്ങളിലാണ് സർവീസ് തുടങ്ങുന്നത്.

ഇതോടെ കേരളത്തിൽ കൊച്ചിലേക്ക് എല്ലാ ദിവസവും, ആഴ്ചയിൽ മൂന്നു ദിവസം തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാനസർവീസ് നടത്തുന്നത് എയർ ഏഷ്യയാകുമെന്നും കണ്ണൂർ എയർപോർട്ടിലേക്കും സർവീസിന് അനുമതിക്കായി ശ്രമിക്കുന്നുണ്ടെന്നും എയർ ഏഷ്യ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ സർവീസിനായി അനുമതി ലഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകിയതായിരുന്നു. മലേഷ്യയിൽ ജോലി ചെയ്യുന്നതും, വിവിധ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ ഏറെയും മലബാറിൽ നിന്നുള്ളവരായത് കൊണ്ട് കരിപ്പുരിലേക്ക് വിമാനസർവീസിനായി ഇ റ്റി മുഹമ്മദ്‌ ബഷീർ എം.പി മുഖേനെ വ്യോമയാന മന്ത്രിക്കും, കുഞ്ഞാലിക്കുട്ടി എംഎൽഎ മുഖേനെ മുഖ്യമന്ത്രിക്കും മലേഷ്യൻ കെഎംസിസി ചർച്ചകൾ നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: നൌഷാദ് വൈലത്തൂർ 

Advertisment