കൊലാലമ്പൂർ: മലേഷ്യയിലെ കൊലാലമ്പൂരിൽ ഇന്ത്യൻ വിനോദ സഞ്ചാരി മാൻഹോളിയിൽ അകപ്പെട്ടിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയലക്ഷ്മി ഗാലിയാണ് അപകടത്തിൽപെട്ടത്. ഈ മാസം 23 -നാണ് ഇവർ മാൻഹോളിൽ അകപ്പെട്ടത് .
താങ് വാങ് പട്ടണത്തിലെ മാൻഹോളിൽ വീണ വിജയലക്ഷ്മിയെ ഇതുവരെ കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവരെ രക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കൊലാലമ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി.
എട്ട് മീറ്റർ താഴ്ചയുള്ള മാൻഹോളിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. റോഡിലെ ഫുട്പാത്തിലൂടെ നടക്കവേ അത് പെട്ടെന്ന് തകർന്നുവീണാണ് അപകടം ഉണ്ടായതെന്നാണ് ചില ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റോഡിന് സമീപമുള്ള ഡ്രെയിനേജ് സിസ്റ്റത്തിൻ്റെ ഭാഗങ്ങൾ അടക്കം നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും വിജയലക്ഷ്മിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ആക്സസ് ചെയ്യാൻ കഴിയാത്ത പ്രദേശങ്ങൾ മാപ്പ് ചെയ്യുന്നതിനുള്ള ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.