തീവ്രവാദികളുടെ ഇന്ധന ഇറക്കുമതി ഉപരോധത്തിൽ വലഞ്ഞ് മാലി ജനത. ഇന്ധനമില്ലാതായതോടെ ഗതാഗതം നിശ്ചലമായി, വൈദ്യുതിയും ഇല്ല. രാജ്യത്ത് സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടി

New Update
MALI

ബമാകോ: തീവ്രവാദികൾ ഏർപ്പെടുത്തിയ ഇന്ധന ഇറക്കുമതി ഉപരോധത്തിനെ തുടർന്ന് വലഞ്ഞ് മാലിയിലെ ജനങ്ങൾ. ഉപരോധത്തെ തുടർന്ന് മാലിയിൽ രാജ്യവ്യാപകമായി സ്കൂളുകളും സർവകലാശാലകളും അടച്ചു.

Advertisment

സ്കൂൾ, സർവ്വകലാശാല വിദ്യാർഥികളുടെയും ജീവനക്കാരുടെയും യാത്ര തടസ്സപ്പെട്ടതോടെയാണ് അടച്ചു പൂട്ടൽ വേണ്ടി വന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഇന്ധന വിതരണത്തിലെ തടസ്സങ്ങൾ കാരണം രണ്ടാഴ്ചത്തേക്ക് ക്ലാസുകൾ നിർത്തിവയ്ക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി അമാദൗ സി സവാനെ സംസ്ഥാന ടെലിവിഷനിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

മാലിയുടെ തലസ്ഥാനമായ ബമാകോയിൽ, ഗ്യാസ് സ്റ്റേഷനുകൾക്ക് മുന്നിൽ അനന്തമായ ക്യൂ തുടരുകയാണ്. ഇന്ധനം ലഭിക്കാത്തത് സാധനങ്ങളുടെയും ഗതാഗതത്തിന്റെയും ചെലവ് വ്യാപകമായി വർധിപ്പിച്ചിരിക്കുകയാണ്. ബമാകോയിലെ വൈദ്യുതി തടസ്സവും അവസ്ഥ കൂടുതൽ ദുർഘടമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇന്ധന ട്രക്കുകൾ ബമാകോയിലേക്ക് കൊണ്ടുപോകാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും തീവ്രവാദി ആക്രമണത്തെ തുടർന്ന് ട്രക്കുകൾ പൂർണമായും എത്തിക്കാൻ സാധിച്ചില്ല.

അൽ-ഖ്വയ്ദ പിന്തുണയുള്ള ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ മുസ്ലിമിൻ ഗ്രൂപ്പിലെ തീവ്രവാദികളാണ് ഉപരോധത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ആദ്യം അയൽ രാജ്യങ്ങളിൽ നിന്ന് മാലിയിലേക്കുള്ള ഇന്ധന ഇറക്കുമതി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് നൂറുകണക്കിന് ഇന്ധന ട്രക്കുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുകയാണ്.

Advertisment