പുതിയ Rafaqat, Privee Talk, MeetMe, Let's Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ മാൽവെയർ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഇവയിൽ ഏതെങ്കിലും ഉപയോക്താക്കൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനടി അൺഇൻസ്റ്റാൾ ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
ഒരിക്കൽ ഡൗൺലോഡ് ചെയ്‌താൽ സ്‌മാർട്ട്‌ഫോണിൽ VajraSpy എന്ന മാൽവെയർ പരത്തുമെന്നതാണ് ഈ മാൽവെയറുകളുടെ പ്രത്യേകത. കോൺടാക്‌റ്റുകൾ, മെസെജുകൾ, ഫയലുകൾ, ഡിവൈസ് ലൊക്കേഷൻ തുടങ്ങി ഇൻസ്‌റ്റാൾ ചെയ്‌ത ആപ്പുകളുടെ ലിസ്‌റ്റ് ഉൾപ്പെടെയുള്ള ഡാറ്റ എക്‌സ്‌ട്രാക്‌റ്റുചെയ്യാന് ഇവയ്ക്ക് കഴിയും.
ബ്ലീപിങ് കമ്പ്യൂട്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് സൈബർ സുരക്ഷാ കമ്പനിയായ ഇഎസ്ഇടിയിലെ ഗവേഷകർ വജ്രസ്പൈ (VajraSpy) എന്ന റിമോട്ട് ആക്‌സസ് ട്രോജൻ (RAT) അടങ്ങിയ 12 മാൽവെയർ ആപ്പുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽ ഇല്ലാത്ത ആറെണ്ണം തേഡ് പാർട്ടി ആപ്പുകൾ വഴി ആക്സസ് ചെയ്യാൻ കഴിയുന്നതാണ്. 11 ആപ്പുകളാണ് മെസെജിങ് ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരെണ്ണം വാർത്താപോർട്ടലായാണ് ലഭിക്കുക.
ദശലക്ഷക്കണക്കിന് ആപ്പുകളാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കാനായി ഒരേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവയാണ് അവയിലെറെയും. സാധാരണക്കാരായ ആളുകളെ ലക്ഷ്യം വെച്ച് ആപ്പുകളിൽ രഹസ്യമായി മാൽവെയറുകൾ കൂട്ടിച്ചേർക്കുക, അവരുടെ ഡാറ്റ മോഷ്ടിക്കുക എന്നിങ്ങനെ പണം തട്ടിയെടുക്കാനുള്ള നിരവധി ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.