ഗാസയിൽ ഹമാസ് നിർമിച്ച ടണലുകളിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നു ഇസ്രയേലി സേന ഐ ഡി എഫ് വെളിപ്പെടുത്തിയതോടെ അവ ബന്ദികളുടേതാവാം എന്ന ആശങ്ക ഉയർന്നു. ഇസ്രയേലിൽ ബന്ദികളുടെ കുടുംബങ്ങളുടെ ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം ശക്തമായ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബന്ദികളെ കൈവിട്ടതു മൂലമാണ് ഈ മരണങ്ങൾ സംഭവിച്ചെതെന്നു അവർ ആരോപിച്ചു. "നാളെ മുതൽ ഇസ്രയേൽ നടുക്കത്തോടെ നിശ്ചലമാകും," ഫോറം പറഞ്ഞു.
ബന്ദികളുടെ മോചനത്തിനുള്ള കരാർ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു ആയിരങ്ങൾ പ്രകടനം നടത്തിയതിന്റെ പിന്നാലെയാണ് ഐ ഡി എഫ് ജഡങ്ങൾ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്.ഒക്ടോബർ 7നു ഹമാസ് ഭീകരർ ഇസ്രയേലിൽ നിന്നു പിടിച്ചു കൊണ്ടു പോയവരുടെ ജഡങ്ങൾ അതിൽ ഉൾപെടുന്നുണ്ടോ എന്നു സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരണം ഇല്ലാത്ത വാർർത്തകൾ പറഞ്ഞു പരത്തരുതെന്നു ഐ ഡി എഫ് നിർദേശിച്ചു. എന്നാൽ ബന്ദികളുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.അടുത്തിടെയെങ്ങും ഗാസയിൽ കനത്ത പോരാട്ടം നടന്നിട്ടില്ലെന്നു ഐ ഡി എഫ് അവകാശപ്പെട്ടു. അതു കൊണ്ട് ഈ മരണങ്ങൾ അടുത്തിടെ ഉണ്ടായതല്ല.
ജഡങ്ങളുടെ എണ്ണവും അവർ വെളിപ്പെടുത്തിയിട്ടില്ല. ജഡങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. "യുദ്ധം അവസാനിക്കേണ്ട സമയം കഴിഞ്ഞു," അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധവിരാമ നീക്കങ്ങളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലി പ്രതിപക്ഷ കക്ഷിയായ യേഷ് ആറ്റിഡ് പാർട്ടിയുടെ നേതാവ് യേയിർ ലാപിഡ് പറഞ്ഞു: "നമ്മുടെ പുത്രന്മാരും പുത്രികളും അഗതികളെപ്പോലെ ഭീകരരുടെ തടവിൽ മരിക്കുമ്പോൾ നെതന്യാഹു സ്വന്തം നേട്ടങ്ങൾക്കായി രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണ്."അതിനിടയിൽ അദ്ദേഹം ബന്ദികളുടെ കുടുംബങ്ങളെയും ഇസ്രയേലിലെ ജനങ്ങളെയും ചവിട്ടി അരയ്ക്കുന്നു. ഞങ്ങൾ ആ കുടുംബങ്ങളെ ചേർത്തു പിടിക്കുന്നു."
ഗാസയിൽ 103 ബന്ദികൾ ശേഷിക്കുന്നു എന്നാണ് ഇസ്രയേലിന്റെ കണക്ക്. തട്ടിക്കൊണ്ടു പോയ ഇരുനൂറിലേറെ പേരിൽ നൂറോളം പേരെ കഴിഞ്ഞ വർഷം വിട്ടയച്ചിരുന്നു. എട്ടു പേരെ ഐ ഡി എഫ് ജീവനോടെ രക്ഷിച്ചു. 33 പേർ മരിച്ചെന്നാണ് ഫോറത്തിന്റെ കണക്ക്.