/sathyam/media/media_files/2025/07/11/untitled4canadamayo-clinic-2025-07-11-12-06-27.jpg)
കോട്ടയം: മനുഷ്യശരീരം എത്ര സങ്കീര്‍ണമാണെന്നും അതിനുമുമ്പില്‍ വൈദ്യശാസ്ത്രം എത്ര പരിമിതമാണെന്നുള്ള സംസാരം പരക്കേ നമ്മള്‍ കേള്‍ക്കാറുണ്ട്.
എന്നാല്‍, വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്ക് എന്നു പറയപ്പെടുന്നതും ഒരു ആശുപത്രി തന്നെ. അമേരിക്കയിലെ മയോക്ലിനിക്. മയോ ക്ലിനിക്കിനെക്കുറിച്ച് മലയാളി കൂടുതലും കേട്ടിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുമായി ചേര്‍ത്തുവെച്ചാണ്. മുഖ്യന്ത്രി ചികിത്സ തേടുന്നതും ഇതേ മയോക്ലിനിക്കിലാണ്.
ഒരു ചെറുനഗരമായിപ്പടര്‍ന്ന ഈ ആശുപത്രിയില്‍ പ്രതിവര്‍ഷം 130 രാജ്യങ്ങളില്‍നിന്ന് പതിമ്മൂന്ന് ലക്ഷത്തോളം രോഗികള്‍ എത്തി ചികിത്സ തേടുന്നുണ്ട്. ഇവിടെ ഓരോ രോഗിക്കും വേണ്ടി ഡോക്ടേഴ്സിന്റെ ഒരു പാനല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് സ്‌പെഷലിസ്റ്റുകളുമായി പ്രധാന ഡോക്ടര്‍ രൂപവത്കരിക്കുന്ന പാനല്‍. ഇവര്‍ ഒരുമിച്ച് തീരുമാനിക്കുന്നതനുസരിച്ചാണു ചികിത്സ നല്‍കുക.
മിനസോട്ടയിലെ റോച്ചസ്റ്റര്‍, ഫ്ലോറിഡയിലെ ജാക്സണ്‍വില്ല, അരിസോണയിലെ ഫീനിക്സ് - സ്‌കോട്ട്സ്ഡെയ്ല്‍ എന്നിവിടങ്ങളില്‍ എന്നിവിടങ്ങളില്‍ മൂന്നു പ്രധാന കാമ്പസുകള്‍ മയോ ക്ലിനിക്കിനുണ്ട്. അമേരിക്കയില്‍ മിനസോട്ട സംസ്ഥാനത്തില്‍ റോച്ചസ്റ്റര്‍ എന്ന ചെറിയ നഗരത്തില്‍ സ്ഥിതിചെയ്യുന്ന മയോക്ലിനിക്ക് ആരംഭിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ ക്ലിനിക്കല്ല ഇത്. മറിച്ച് റോച്ചസ്റ്റര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി പടര്‍ന്നുകിടക്കുന്ന ആശുപത്രി സമുച്ചയം. ആശുപത്രിയോടൊപ്പം മെഡിക്കല്‍ സ്‌കൂള്‍, ഗവേഷണകേന്ദ്രങ്ങള്‍, ലബോറട്ടറികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെ പരസ്പരബന്ധിതമായ ഒരു സൗഖ്യാലയമെന്നു തന്നെ പറയാം.
ഡോ.ഡബ്ല്യു.ഡബ്ല്യു. മയോ ക്ലിനിക്ക് സ്ഥാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന പ്രസിഡന്റ് എബ്രഹാം ലിങ്കനാണ് ഡോ. മയോയുടെ കഴിവുകള്‍ മനസിലാക്കി 1863-ല്‍ യുദ്ധത്തില്‍ മുറിവേറ്റവരെ പരിചരിക്കുന്നതിനായി റോച്ചസ്റ്റര്‍ യൂണിറ്റിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അവിടെയുള്ള സേവനം കഴിഞ്ഞപ്പോഴേക്കും റോച്ചസ്റ്റര്‍ ഡോ. മയോക്കും കുടുംബത്തിനും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു.
അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. 1883-ല്‍ റോച്ചസ്റ്ററിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു ചുഴലിക്കൊടുങ്കാറ്റ് വീശി. സ്‌കൂള്‍ അധ്യാപകരായിരുന്ന സെയ്ന്റ് ഫ്രാന്‍സിസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ ഒരു താത്കാലിക ചികിത്സാകേന്ദ്രം ഡോ. മയോ സജ്ജമാക്കി.
നാടുമുഴുവന്‍ അവരുടെ കൂടെനിന്നു. അതിനുശേഷം റോച്ചസ്റ്ററില്‍ ഒരു ആശുപത്രി തുടങ്ങാന്‍ കന്യാസ്ത്രീകള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1889-ല്‍ കന്യാസ്ത്രീകളുമായി സഹകരിച്ച് ഡോ. മയോ ആശുപത്രി സജ്ജമാക്കി.
ഡോ. മയോയുടെ മക്കളായ ഡോ. വില്ലും ഡോ. ചാര്‍ളിയും അദ്ദേഹത്തിന്റെ കൂടെച്ചേര്‍ന്നു. ടീം വര്‍ക്കിന്റെ സാധ്യതകള്‍ മനസിലാക്കി ഡോ. മയോ മറ്റ് ദേശങ്ങളില്‍നിന്നുള്ള വിദഗ്ധരായ ഡോക്ടര്‍മാരെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. എന്‍ജിനിയറും ഡോക്ടറുമായിരുന്ന ഡോ. പ്ലാമറിന്റെ വരവോടെ ടെക്നോളജി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആശുപത്രിയുടെ ഖ്യാതി വര്‍ധിച്ചു.
വിജ്ഞാന വര്‍ധനയ്ക്കായി ഡോ. മയോയും മക്കളും മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയും അവ തങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുകയും ചെയ്തു. മയോക്ലിനിക് എന്ന വിളിപ്പേരില്‍ ആ ചെറിയ ഗ്രാമത്തില്‍ സേവനത്തിലധിഷ്ഠിതമായ മൂല്യങ്ങളിലൂടെ ആ ചികിത്സാലയം വളര്‍ന്നു. ഇന്ന് ലോകംമുഴുവനും മനുഷ്യര്‍ തങ്ങളെ തളര്‍ത്തുന്ന അസുഖങ്ങള്‍ക്ക് ചികിത്സതേടി ഇവിടെയെത്തുന്നു.
കേരളത്തില്‍ നിന്നും ഒട്ടേറെ രോഗികള്‍ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. മലയാളികളായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
കൂടാതെ, റിസര്‍ച്ചിലും മെഡിക്കല്‍ സ്‌കൂളിലുമായി മലയാളി വിദ്യാര്‍ഥികളും ഇവിടെയുണ്ട്. എന്നാല്‍, മുഖ്യമന്ത്രി ചികിത്സയ്ക്കു പോകാന്‍ തുടങ്ങിയതോടെയാണു സാധാരണക്കാര്‍ക്കിടയിലേക്കു മയോക്ലിനിക്ക് എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് അമേരിക്കയില്‍ ചികിത്സ തേടുന്നതും പൊതു പണം ചെലവഴിച്ചു സുഖ ചികിത്സ നടത്തുന്നു എന്നിങ്ങനെ വിവാദങ്ങള്‍ നിരവധിയാണ്.
ഒരാഴ്ച മുന്‍പു തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും മയോ ക്ലിനിക്കില്‍ പോയപ്പോള്‍ തോര്‍ത്തുമുണ്ടും ഉടുത്തു മയോ ക്ലിനിക്ക് കേരളത്തിലും ആരംഭിക്കൂ.. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുമായി നടത്തിയ ഒറ്റയാള്‍ സമരം സമരങ്ങളും മലയാളി കണ്ടു.