വാഷിംഗ്ടണ്‍: യു.എസില്‍ 10 സംസ്ഥാനങ്ങളില്‍ ഇ കോളി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് യുഎസിലെ 20 ശതമാനത്തോളം ഔട്ട്ലെറ്റുകളില്‍ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗറുകള്‍ നല്‍കുന്നത് മക്‌ഡൊണാള്‍ഡ് നിര്‍ത്തി.
കൊളറാഡോ, കന്‍സാസ്, യൂട്ടാ, വ്യോമിംഗ് എന്നിവിടങ്ങളിലെ മെനുവില്‍ നിന്നും ഐഡഹോ, അയോവ, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, നെവാഡ, ന്യൂ മെക്‌സിക്കോ, ഒക്ലഹോമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നുമാണ് ഫാസ്റ്റ് ഫുഡ് ഭീമന്‍മാരായ മക്‌ഡൊണാള്‍ഡ് ബര്‍ഗറുകള്‍ നീക്കം ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊളറാഡോ സ്വദേശിയായ ഒരാള്‍ മരിച്ചിരുന്നു. യു.എസിലെ പത്ത് സംസ്ഥാനങ്ങളിലായി 49 പേര്‍ ചികിത്സ തേടി.
അന്വേഷണത്തില്‍ രോഗബാധിതരായ പലരും മക്‌ഡൊണാള്‍ഡ്സ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചെന്ന് കണ്ടെത്തി.
സെപ്റ്റംബര്‍ 27 ഒക്ടോബര്‍ 11 കാലയളവില്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സി.ഡി.സി) അന്വേഷണം ആരംഭിച്ചു. ബര്‍ഗറിലെ ഉളിയിലോ ബീഫിലോ ആകാം ബാക്ടീരിയയെന്ന് കരുതുന്നു.