/sathyam/media/media_files/2025/10/13/mexico-2025-10-13-16-19-13.jpg)
പ്യൂബ്ല: മെക്സിക്കോയിൽ ദുരിതം വിതച്ച് പേമാരി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 44 ആയി. രാജ്യത്തിന്റെ മധ്യ, തെക്ക്, കിഴക്കൻ മേഖലകളിലെല്ലാം പേമാരി തുടരുകയാണ്.
മഴയും ചുഴലിക്കാറ്റും 5 സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായ റെയ്മണ്ട് ആണ് കനത്ത മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ വിദ​ഗ്ദർ അറിയിച്ചു.
ഞായാറാഴ്ച വരെയുള്ള കണക്കനുസരിച്ച് കനത്ത മഴയിൽ വെരാക്രൂസ് സംസ്ഥാത്ത് 18 പേരാണ് മരണപ്പെട്ടത്. ഹിഡാൽഗോ സംസ്ഥാനത്ത് 16 പേരും പ്യൂബ്ലയിൽ കുറഞ്ഞത് ഒമ്പത് പേരോളം മരണപ്പെട്ടു. ക്വെറാറ്റാരോ സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങി ഒരു കുട്ടിയും മരിച്ചു.
320000 പേരുടെ വീടുകളിൽ വൈദ്യുത തടസമുണ്ടായി, 16000 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, പലയിടത്തും മഴയ്ക്ക് ശമനമില്ലാത്തതിനാൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുമെന്ന മുന്നറിപ്പും മെക്സിക്കോയിൽ നിലനിൽക്കുന്നുണ്ട്.
വെരാക്രൂസിലും പ്യൂബ്ലയിലും നൂറുകണക്കിന് സൈനികരും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും വൈദ്യസഹായവും നൽകാൻ മിക്ക സ്ഥലങ്ങളിലും താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
മെക്സിക്കോയിൽ സ്ഥിതി​ഗതികൾ ഇപ്പോഴും ശാന്തമല്ല. ആയിരക്കണക്കിന് പേർ ഇപ്പോഴും വെള്ളത്തിന് നടുവിലാണ്. ‘ഞങ്ങൾ ആരെയും നിസ്സഹായരായി വിടില്ല’ എന്ന് പ്രസിഡന്റ് ഷെയിൻബോം എക്സിൽ കുറിച്ചു.
രാജ്യത്തിന്റെ കിഴക്ക് ഭാ​ഗത്ത് തീരത്തിന് സമാന്തരമായി കിടക്കുന്ന പർവതനിര സിയറ മാഡ്രെ ഓറിയന്റലാണ് ഏറ്റവുമധികം നാശനാഷ്ടമുണ്ടായത്.
ഹിഡാൽഗോ, പ്യൂബ്ല, ക്വെറെറ്റാരോ, വെരാക്രൂസ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് തുടരുകയാണ്. പ്രദേശത്ത് ഇപ്പോഴും വെള്ളം ഉയരുന്നുണ്ട്.