ജെറുസലേം: യുദ്ധമുഖത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇറാന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേല്‍.
കഴിഞ്ഞ ആഴ്ച ടെഹ്‌റനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ സൈനിക തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി മുന്നറിയിപ്പി നല്‍കിയിരിക്കുന്നത്. ഇനിയും ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും എന്നാണ് ഹെര്‍സി ഹവേലി ഭീഷണി മുഴക്കിയിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ വിവിധഭാഗങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായത്. ടെഹ്‌റാന്‍, ഇലാം, ഖുസെസ്താന്‍ എന്നീ പ്രവിശ്യകളിലെ വ്യോമതാവളങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് ഇറാന്റെ വ്യോമപ്രതിരോധ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാനമായ മിസൈല്‍ നിര്‍മാണശാല ആക്രമിച്ചെന്നാണ് ഇസ്രയേല്‍ ആവകാശപ്പെട്ടത്.
2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇറാനും അനുകൂല സായുധസംഘങ്ങളും ഏഴിടങ്ങളില്‍നിന്ന് നിരന്തരം ആക്രമിക്കുകയാണെന്നും സ്വയം രക്ഷിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.