ലോകത്തിന് താക്കീതോ? പശ്ചിമേഷ്യൻ യുദ്ധത്തിനിടെ 'ഡൂംസ്‌ഡേ' മിസൈൽ പരീക്ഷിച്ച് അമേരിക്ക; ഹിരോഷിമ ബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷി

ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റം ബോംബിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ പ്രഹരശേഷിയുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്.

New Update
Untitled

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് കടന്ന് അതീവ സങ്കീര്‍ണ്ണമായി തുടരുന്നതിനിടെ, ആണവശേഷിയുള്ള 'മിനുട്ട്മാന്‍ III' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ലോകാവസാനത്തിന്റെ മിസൈല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പരീക്ഷണം ആഗോളതലത്തില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisment

കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മിസൈല്‍ കുതിച്ചുയര്‍ന്നത്. യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്‌ട്രൈക്ക് കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം.


ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റം ബോംബിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ പ്രഹരശേഷിയുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്. പരീക്ഷണ സമയത്ത് മിസൈലില്‍ ആയുധങ്ങള്‍ ഘടിപ്പിച്ചിരുന്നില്ല.

'ജിടി 255' എന്ന് പേരിട്ട ഈ പരീക്ഷണത്തില്‍ രണ്ട് ടെസ്റ്റ് റീ-എന്‍ട്രി വെഹിക്കിളുകള്‍ സജ്ജീകരിച്ചിരുന്നു. മിസൈല്‍ സംവിധാനത്തിന്റെ കൃത്യതയും സജ്ജീകരണവും ഉറപ്പുവരുത്തിയതായി 576-ാം ഫ്‌ലൈറ്റ് ടെസ്റ്റ് സ്‌ക്വാഡ്രണ്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ കാരി റേ വ്യക്തമാക്കി.


നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധവുമായി ഈ പരീക്ഷണത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്. വര്‍ഷങ്ങളായി തുടരുന്ന പതിവ് പരീക്ഷണങ്ങളുടെ ഭാഗമാണിതെന്നും, രാജ്യത്തിന്റെ ആണവ പ്രതിരോധ സംവിധാനം സജ്ജമാണെന്ന് ഉറപ്പുവരുത്താനാണ് ഇതെന്നുമാണ് പെന്റഗണ്‍ വ്യക്തമാക്കുന്നത്.


അമേരിക്കയുടെ തന്ത്രപ്രധാനമായ ആണവ കരുത്തിന്റെ നട്ടെല്ലാണ് മിനുട്ട്മാന്‍ III മിസൈലുകള്‍. ലോകത്തിന്റെ ഏത് കോണിലും നിമിഷങ്ങള്‍ക്കുള്ളില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ പരീക്ഷിക്കുന്നത് ശത്രുരാജ്യങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായിക്കൂടി വിലയിരുത്തപ്പെടുന്നു.

Advertisment