/sathyam/media/media_files/2026/02/26/untitled-2026-02-26-09-42-32.jpg)
ടെഹ്റാന്‍: ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്നും ഇതിനെതിരെ ഇന്ത്യ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ദുരന്തം അന്താരാഷ്ട്ര സംഘടനകള്‍ സ്ഥിരീകരിച്ച വസ്തുതയാണെന്ന് അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. ഗാസയില്‍ എഴുപത്തയ്യായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നും ഇത് വ്യക്തമായ വംശഹത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു ഭരണകൂടവുമായി സഹകരിക്കുന്നത് ഉചിതമല്ലെന്നാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ഇസ്രായേല്‍ മണ്ണില്‍ സംസാരിക്കുമെന്ന് ഇറാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലുമായി ബന്ധം പുലര്‍ത്തുമ്പോഴും ഇന്ത്യയുമായുള്ള ചരിത്രപരമായ സൗഹൃദത്തിന് കോട്ടം തട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
'ഇന്ത്യ ഇറാന്റെ ഉറ്റ സുഹൃത്താണ്. സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്,' അരാഗ്ചി പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി തനിക്ക് അടുത്ത വ്യക്തിപരമായ ബന്ധമുണ്ടെന്നും ആഗോള വിഷയങ്ങളില്‍ തങ്ങള്‍ നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
'ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തടയാനും മേഖലയില്‍ സ്ഥിരത ഉറപ്പാക്കാനും ഇന്ത്യ പോസിറ്റീവായ ഇടപെടലുകള്‍ നടത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' - അബ്ബാസ് അരാഗ്ചി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us