/sathyam/media/media_files/2025/09/02/untitled-2025-09-02-12-31-19.jpg)
ന്യൂയോര്‍ക്ക്: ഇന്ത്യയും റഷ്യയും തമ്മിലുള്ള വളര്‍ന്നുവരുന്ന വ്യാപാര ബന്ധത്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ രംഗത്ത്.
ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ അദ്ദേഹം 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ചു.
റഷ്യയ്ക്കും ചൈനയ്ക്കും പകരം ഇന്ത്യ അമേരിക്കയ്ക്കൊപ്പം നില്‍ക്കണമെന്ന് നവാരോ പറയുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തില്‍ അമേരിക്കയുടെ അതൃപ്തി വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ഈ പ്രസ്താവന വന്നിരിക്കുന്നത്.
ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച നവാരോ, ഇത് ഉക്രെയ്നിനെതിരായ പുടിന്റെ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും, ശുദ്ധീകരിച്ച് ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്നുവെന്നും, അതുവഴി റഷ്യയ്ക്ക് പരോക്ഷമായി നേട്ടമുണ്ടാക്കുന്നുവെന്നും നവാരോ അവകാശപ്പെടുന്നു.