കൊളംമ്പോ: നടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്.
മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പാർലമെന്റ് തനിക്കുതന്ന ആദരവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹൻലാൽ സഭയിൽ ആദരിക്കപ്പെട്ടത്. തനിക്ക് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ അതിയായി അഭിമാനിക്കുന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു.
പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യയെയും, സ്പീക്കർ ഡോ. ജഗത് വിക്രമരത്നയെയും, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്വി സാലിഹിനെയും, പ്രിയ സുഹൃത്ത് ഇഷാന്ത രത്നായകയെയും കാണാൻ സാധിച്ചത് ഒരു യഥാർത്ഥ ഭാഗ്യമായിരുന്നു.
ഈ ശ്രീലങ്കൻ സന്ദർശനത്തെ അവിസ്മരണീയമാക്കിയതിന് ഏറെ നന്ദിയുണ്ടെന്നും മോഹൻലാൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.