/sathyam/media/media_files/2026/03/09/mojtaba-2026-03-09-08-39-55.jpg)
ടെഹ്റാന്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനില്‍ പുതിയ രാഷ്ട്രീയ മാറ്റം. ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ ആയത്തുള്ള മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് ഇറാനിലെ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്' ആണ് ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്.
അലി ഖമേനിയുടെ മരണത്തിന് ഒന്‍പതാം ദിവസം ചേര്‍ന്ന മതനേതൃത്വത്തിന്റെ ഉന്നതതല സമിതി ഐകകണ്‌ഠ്യേനയാണ് 56-കാരനായ മൊജ്തബയെ തിരഞ്ഞെടുത്തത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് അദ്ദേഹം.
ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൊജ്തബ, കടുത്ത യാഥാസ്ഥിതിക നിലപാടുകാരനായാണ് അറിയപ്പെടുന്നത്.
മൊജ്തബയുടെ നിയമനത്തിന് പിന്നാലെ ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് കടന്നു. കഴിഞ്ഞ രാത്രി തെഹ്റാനിലെ അഞ്ച് എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത പുക നഗരത്തെ ശ്വാസംമുട്ടിക്കുകയാണ്. ഇന്ധന വിതരണം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിന്റെ സാമ്പത്തിക തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള അത്യാധുനിക മിസൈലുകള്‍ ഉപയോഗിക്കുമെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ലബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കുട്ടികളടക്കം നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. മൊജ്തബ ഖമേനിയെ 'ലൈറ്റ് വെയ്റ്റ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്കയുടെ അംഗീകാരമില്ലാതെ ഈ ഭരണകൂടത്തിന് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഇത് ഇറാന്റെ ആഭ്യന്തര കാര്യമാണെന്നും ആരും ഇടപെടേണ്ടതില്ലെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us