ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് നിലവിലുള്ള ദൂരത്തില്‍ നിന്നും പതുക്കെ അകന്നുപോകുന്നുവെന്ന് ഗവേഷണറിപ്പോര്‍ട്ട്. സൂക്ഷ്മമായ ശാസ്ത്രീയ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
പ്രതിവർഷം ഏകദേശം 3.8 സെൻ്റീമീറ്റർ എന്ന തോതിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത് ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
ഒരു ദിവസത്തിന് 25 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകുന്നതിലേക്ക് ഇത് നയിച്ചേക്കാം. 200 മില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിച്ചേക്കും.
1.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഭൂമിയിലെ ഒരു ദിവസം വെറും 18 മണിക്കൂറിൽ കൂടുതല്‍ മാത്രമായിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ 'ഇന്‍ട്രാക്ഷ'നുകളാണ് ഈ പ്രതിഭാസത്തിന്റെ പ്രാഥമിക കാരണം.
ചന്ദ്രൻ അകന്നുപോകുമ്പോൾ, ഒരു 'സ്പിന്നിംഗ് ഫിഗർ സ്കേറ്റർ' പോലെ ഭൂമിയുടെ വേഗത കുറയുമെന്ന് വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസറായ സ്റ്റീഫൻ മെയേഴ്സ് പറഞ്ഞു.
ചന്ദ്രന്‍ ഇത്തരത്തില്‍ അകലുന്നത് പുതിയ കണ്ടെത്തല്ലല്ല. എന്നാല്‍ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയുടെ പഠനം ഈ പ്രതിഭാസത്തിൻ്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പശ്ചാത്തലം ആഴത്തില്‍ പരിശോധിക്കുന്നതാണ്.