/sathyam/media/media_files/2025/10/06/britain-2025-10-06-15-26-16.jpg)
ലണ്ടൻ: ബ്രിട്ടണിൽ വീണ്ടും വിദ്വേഷ ആക്രമണം. ​പീസ്ഹെവനിലുള്ള മുസ്‍ലിം പള്ളിക്ക് അക്രമികൾ തീയിട്ടു.
ശനിയാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ രണ്ട്പേർ മസ്ജിദിന്റെ വാതിൽ തളളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുകയും പെട്രോൾ ഒഴിച്ച് തീവെക്കുകയുമായിരുന്നു. സംഭവസമയത്ത് മസ്‍ജിദിനകത്തുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ സസ്സെക്സ് പൊലീസ് അന്വേഷണമാരംഭിച്ചതായി അധികൃതർ അറിയിച്ചു. വിദ്വേഷ അതിക്രമമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം കൊലപാതകത്തിൽ കലാശിക്കുമായിരുന്നുവെന്ന് മസ്ജിദിലെ ജീവനക്കാര​നെ ഉദ്ധരിച്ച് ബി.ബി.സി ​റിപ്പോർട്ട് ചെയ്തു.
ബ്രിട്ടണിൽ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ ആശങ്കയാകുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം മാഞ്ചെസ്റ്ററിലെ ജൂത സിനഗോഗിഗിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചിരുന്നു. ആക്രമണമഴിച്ചുവിട്ട ബ്രിട്ടീഷ് പൗരനായ സിറിയൻ വംശജനെ പൊലീസ് സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്ററിലെയും ​ബ്രൈറ്റണിലെയും സംഭവവികാസങ്ങൾ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് ബ്രെറ്റൺ ആന്റ് ഹോവ് മുസ്‍ലിം ഫോറം പ്രതിനിധി താരിഖ് ജുങ് പറഞ്ഞു. മേഖലയിൽ സമാധാന പുനസ്ഥാപനത്തിനായി വിവിധ മതനേതാക്കൾ കൈകോർത്ത് രംഗത്തിറങ്ങണമെന്നും താരിഖ് കൂട്ടിച്ചേർത്തു.