മനുഷ്യവാസത്തിന് അസാധ്യമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തന്നെ വിശേഷിപ്പിക്കുന്ന ലിബിയയിലേക്കു അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ ട്രംപ് ഭരണകൂടം സൈനിക വിമാനങ്ങൾ ഒരുക്കിയെന്നു റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ബുധനാഴ്ച്ച ഈ വിമാനങ്ങൾ പറക്കാം എന്നാണ് 'ന്യൂ യോർക്ക് ടൈംസ്' പറയുന്നത്.
ഏതു നാട്ടുകാരെയാണ് അയക്കുക എന്നു വ്യക്തമല്ല. ആഫ്രിക്കയിൽ ഈജിപ്ത്, അൾജീരിയ, സുഡാൻ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളോട് ചേർന്നു കിടക്കുന്ന ലിബിയ എണ്ണ കൊണ്ടു സമ്പന്നമാണെങ്കിലും ഏകാധിപതി മുഅമ്മർ ഖദ്ദാഫിയുടെ മരണശേഷം അവിടെ തമ്മിലടിക്കുന്ന ഗോത്രവർഗങ്ങൾ പുരോഗതി തടഞ്ഞിരിക്കയാണ്.
രണ്ടു ഭരണകൂടങ്ങളാണ് ഇപ്പോൾ ലിബിയയുടെ രണ്ടു ഭാഗങ്ങൾ ഭരിക്കുന്നത്. ഖദ്ദാഫിയുടെ തലസ്ഥാനമായിരുന്ന ട്രിപ്പോളിയിൽ യുഎൻ അംഗീകാരമുള്ള ഒരു ഭരണകൂടം രാജ്യത്തിൻറെ പടിഞ്ഞാറൻ മേഖല ഭരിക്കുന്നു. ബെൻഗാസിയിൽ നിന്നാണ് യുദ്ധസംഘ നേതാവ് ഖലീഫ ഹഫ്തർ നയിക്കുന്ന മറ്റൊരു ഭരണം നടക്കുന്നത്.
ഹഫ്തറുടെ മകൻ സദ്ദാം പ്രസിഡന്റ് ട്രംപുമായി അടുപ്പമുള്ളയാളാണ്. കഴിഞ്ഞയാഴ്ച്ച വാഷിംഗ്‌ടണിൽ എത്തിയിരുന്നു. എണ്ണ നിക്ഷേപങ്ങളുടെ മേൽനോട്ടമുളള സദ്ദാം ട്രംപ് ഭരണകൂടത്തിലെ പല ഉദ്യോഗസ്ഥരെയും കണ്ടു.
ലിബിയൻ തടവറകളിൽ ജീവിതം അതിഭീകരമാണെന്നു മനുഷ്യാവകാശ സംഘടനകൾ പറയുമ്പോൾ അവിടേക്കു നാടുകടത്തുന്നത് അനധികൃത കുടിയേറ്റക്കാരെ ഭയപ്പെടുത്താൻ തന്നെയാണെന്നു വ്യക്തം. ട്രംപിന്റെ അറിയപ്പെട്ട നയമാണത്. എൽ സാൽവദോറിലെ കുപ്രസിദ്ധ ജയിലിലേക്കു മാർച്ചിൽ കുറേപ്പേരെ അയച്ചതു പോലെ.
ലിബിയയിലേക്കു യാത്ര ചെയ്യരുതെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് യുഎസ് പൗരന്മാർക്ക് താക്കീതു നൽകിയിരുന്നു. കുറ്റകൃത്യങ്ങൾ, ഭീകരത, പൊട്ടാതെ കിടക്കുന്ന മൈനുകൾ, ആഭ്യന്തര കലഹം. തട്ടിക്കൊണ്ടുപോകൽ ഇവയൊക്കെയാണ് ചൂണ്ടിക്കാട്ടുന്നത്.