/sathyam/media/media_files/2025/10/08/myanmer-2025-10-08-21-39-25.jpg)
നെയ്പിഡോ: മ്യാന്മറിൽ ബുദ്ധിസ്റ്റുകളുടെ ഉത്സവത്തിനിടെ സൈന്യത്തിന്റെ ക്രൂരത. പറന്നെത്തിയ പരാഗ്ലൈഡർ ആൾക്കൂട്ടത്തിലേക്ക് വർഷിച്ച ബോംബ് പൊട്ടി കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു.
എൺപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മധ്യ മ്യാൻമറിലെ ചൗങ് യു ടൗൺഷിപ്പിൽ തഡിംഗ്യട്ട് പൗർണ്ണമി ഉത്സവത്തിനായി തടിച്ചു കൂടിയ ആളുകൾക്കിടയിലേക്കാണ് ബോംബിട്ടത്.
ഉത്സവത്തിനൊപ്പം സൈനിക ഭരണത്തിനെതിരായി പ്രതിഷേധവും സംഘടിപ്പിച്ചതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്. ആക്രമിക്കുമെന്ന വിവരം ലഭിച്ചയുടൻ ജനക്കൂട്ടത്തെ പിരിച്ചു വിട്ടെങ്കിലും മോട്ടോർ പാരാഗ്ലൈഡിൽ പറന്നെത്തിയ സൈനികൻ ആൾക്കൂട്ടത്തിലേക്ക് ബോംബ് വർഷിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ശരീരങ്ങൾ ചിതറിത്തെറിച്ചതായി ദൃക്‌സാക്ഷികൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈനിക ഭരണത്തെ തുടർന്ന് മറ്റ് ലോകരാജ്യങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യമാണ് മ്യാന്മർ. 2021-ലെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തത് മുതൽ മ്യാൻമർ ആഭ്യന്തര സംഘർഷത്തിൽ മുങ്ങിയിരിക്കുകയാണ്.
ഈ ഡിസംബറിൽ അട്ടിമറിക്ക് ശേഷം ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നതിന് ഇടയിലാണ് സൈന്യം ആക്രമണത്തിന്‍റെ തോത് വർധിപ്പിച്ചിരിക്കുന്നത്.