ടെഹ്‌റാന്‍: ഇറാനിലെ പ്രമുഖ ഷിയാ മതനേതാവ് ഗ്രാന്‍ഡ് ആയത്തുള്ള നാസര്‍ മകരേം ഷിരാസി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ കര്‍ശനമായ ഫത്വ പുറപ്പെടുവിച്ചു.
ഈ ഫത്വയില്‍, ഇരുവരെയും 'ദൈവത്തിന്റെ ശത്രുക്കള്‍' എന്ന് വിശേഷിപ്പിച്ച്, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് അവരെ അട്ടിമറിക്കാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്.
ഇസ്രായേലും അമേരിക്കയും ഉള്‍പ്പെട്ട 12 ദിവസത്തെ യുദ്ധത്തിനു പിന്നാലെയാണ് ഈ ഫത്വ ഇറങ്ങിയത്. ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 'നമ്മുടെ നേതാവിനെയോ മതനേതാവിനെയോ ഭീഷണിപ്പെടുത്തുന്ന ആരെയും 'മൊഹറേബെ' (ദൈവത്തിനെതിരായ യോദ്ധാവ്) ആയി കണക്കാക്കും,' എന്ന് ആയത്തുള്ള മകരേം വ്യക്തമാക്കി.
ഇറാനിയന്‍ നിയമപ്രകാരം മൊഹറേബെ എന്ന കുറ്റത്തിന് വധശിക്ഷ, കുരിശിലേറ്റല്‍, അംഗഭംഗം വരുത്തല്‍, അല്ലെങ്കില്‍ നാടുകടത്തല്‍ പോലുള്ള കഠിന ശിക്ഷകള്‍ ലഭിക്കും.
ഫത്വയില്‍ ഈ 'ശത്രുക്കളെ' അവരുടെ തെറ്റുകളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത് ഓരോ മുസ്ലീമിന്റെയും കടമയാണെന്നും, ഇവരെ പിന്തുണയ്ക്കുന്നത് ഹറാമാണെന്നും വ്യക്തമാക്കുന്നു.
ഈ ജിഹാദില്‍ പങ്കെടുത്ത് ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും നഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ പോരാളിയായുള്ള പ്രതിഫലം ലഭിക്കുമെന്നും ഫത്വയില്‍ പറയുന്നു.
ജൂണ്‍ 13ന് ആരംഭിച്ച 12 ദിവസത്തെ യുദ്ധത്തില്‍, ഇസ്രായേല്‍ ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സൈനിക കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി.