കാഠ്മണ്ഡു: അയൽ രാജ്യമായ നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 170 പേർ മരിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെ വിവിധ ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയുടെ ഏറ്റവും പുതിയ വിവരം ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി ഞായറാഴ്ച പുറത്തുവിട്ടതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ദുരന്തങ്ങളിൽ 111 പേർക്ക് പരിക്കേറ്റതായും 4,000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. സുരക്ഷാ ഏജൻസികളെ വിന്യസിച്ചതോടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ഊർജിതമാക്കിയതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാവ്രെ, സിന്ധുലി, ലളിത്പൂർ ജില്ലകളിൽ പരിക്കേറ്റവരോ ഒറ്റപ്പെട്ടവരോ ആയ 162 പേരെ നേപ്പാളി ആർമി ഹെലികോപ്ടറുകൾ രക്ഷപ്പെടുത്തി. പരിക്കേറ്റവർ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിലെ ജലവൈദ്യുത നിലയങ്ങൾക്കും ജലസേചന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി മന്ത്രാലയം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.