/sathyam/media/media_files/2026/03/06/untitled-2026-03-06-11-00-50.jpg)
ബെയ്‌റൂട്ട്: പശ്ചിമേഷ്യന്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്റെയും ലെബനന്റെയും തലസ്ഥാനങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന കനത്ത ആക്രമണം നടത്തി.
ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭൂരിഭാഗവും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇതിനിടെ, കടലില്‍ ഇറാന്റെ ഡ്രോണ്‍ വാഹിനി കപ്പലിന് നേരെ അമേരിക്കയും ആക്രമണം നടത്തിയതോടെ മേഖലയിലെ യുദ്ധം കൂടുതല്‍ വ്യാപിക്കുകയാണ്.
തലസ്ഥാനമായ തെഹ്റാനിലും മിസൈല്‍ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കെര്‍മാന്‍ഷാ നഗരത്തിലും ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ആക്രമണത്തില്‍ ജനവാസ മേഖലകളിലെ വീടുകള്‍ വരെ കുലുങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇറാന്റെ വ്യോമ പ്രതിരോധ നിരയെ തങ്ങള്‍ നിഷ്പ്രഭമാക്കിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ബഹ്റൈനിലെ ഇസ്രായേല്‍ എംബസി ലക്ഷ്യമിട്ടും ആക്രമണമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെയ്‌റൂട്ടിലെ ദക്ഷിണ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നഗരം വിട്ട് പലായനം ചെയ്യുകയാണ്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നു.
യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ 1,230 പേരും ലെബനനില്‍ 120-ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ആറ് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ആഗോള എണ്ണ വിതരണത്തെയും വ്യോമയാന മേഖലയെയും ഈ യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആക്രമണങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us