ഒട്ടാവ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കാനഡ പാലിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
കാനഡ അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര കോടതികളുടെ നിയന്ത്രണങ്ങളും വിധികളും പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട്. ഞങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുന്നു, അന്താരാഷ്ട്ര കോടതികളുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും ഞങ്ങള്‍ അനുസരിക്കും.ട്രൂഡോ പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രിയുമായ യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നെതന്യാഹു യുകെയിലേക്ക് വന്നാല്‍ ഐസിസി അറസ്റ്റ് വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.
ആഭ്യന്തര നിയമവും അന്താരാഷ്ട്ര നിയമവും നിശ്ചയിച്ചിട്ടുള്ള നിയമപരമായ ബാധ്യതകള്‍ യുകെ എല്ലായ്‌പ്പോഴും പാലിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞു.